തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റ കാലത്ത് കേരളത്തിൽ 108 ആംബുലസ് പദ്ധതി നടത്തിപ്പിൽ 250 കോടിയിലേറെ രൂപയുടെ അഴിമതി നടന്നതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യമന്ത്രിക്കും അഴിമതിയിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടായിരുന്നു ചെന്നിത്തലയുടെ ആരോപണം. സെക്കന്തരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കായിരുന്നു 2019 -2024 കാലത്ത് 315 ആംബുലൻസുകളുടെ നടത്തിപ്പിന് നൽകിയിരുന്നത്. അഞ്ചു വർഷത്തേക്ക് 517 കോടി രൂപക്കായിരുന്നു കരാർ. മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഇത് നൽകിയിരുന്നത്. പിന്നീട് ആംബുലൻസുകളുടെ എണ്ണം 316 എണ്ണമാക്കി ഉയർത്തി.
എന്നാൽ ഇത്തവണ 2025 -2030 കാലഘട്ടത്തിലേക്കുള്ള 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെണ്ടർ ചെയ്‌തിരിക്കുന്നത് 293 കോടി രൂപ മാത്രമാണ്. ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിനേക്കാൾ പാതി തുകയിൽ കൂടുതൽ ആംബുലൻസ് ഓടിക്കാൻ കമ്പനിക്ക് കഴിയുമെങ്കിൽ, 2019ലെ പ്രത്യേക മന്ത്രിസഭാ അനുമതിയുടെ കമ്മീഷൻ ആരൊക്കെയാണ് കൈപറ്റിയതെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.