റിയാദ്: ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ അടിസ്ഥാനമാക്കി ഐ സി എഫ് പബ്ലിക്കേഷൻ ഡിപ്പാർട്‌മെന്റ് ഇന്റർനാഷനൽ തലത്തിൽ നടത്തുന്ന ബുക്ക് ടെസ്റ്റ് സൗദിയിൽ നാളെ നടക്കും. ആഗസ്റ്റ് 29, 30 ദിതിയ്യതികളിലായി വിവിധ രാജ്യങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിലാണ് ടെസ്റ്റ് നടക്കുക.
വ്യക്തിഗത അനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കും പുറമെ കേരളത്തിലെ സവിശേഷ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശുന്ന ഗ്രന്ഥമാണ് വിശ്വാസപൂർവം. മലയാളികളുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവങ്ങൾ കൊണ്ട് സമ്പന്നമായ അത് കനൽപഥങ്ങളിലൂടെ സഞ്ചരിച്ച് സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ച് മാതൃകയായ ഒരു മഹാമനീഷിയുടെ വ്യക്തിജീവിതം വരച്ചു കാണിക്കുക കൂടി ചെയ്യുന്നുണ്ട്.
അപരനെ ഉൾക്കൊള്ളാനും സംരക്ഷണം തീർക്കാനും കാന്തപുരം കാണിക്കുന്ന മാനവിക സന്ദേശവും കാഴ്ചപ്പാടുകളും സമൂഹം ഏറെ ചർച്ച ചെയ്യുന്ന ഈ ഘട്ടത്തിൽ ഈ പുസ്തകവായനക്ക് ഏറെ പ്രസക്തിയുണ്ട്. ഒരു സമൂഹത്തിന്റെ നവോത്ഥാന ചരിത്രവും അത്യപൂര്‍വമായ ജനമുന്നേറ്റത്തിന്റെ നാൾവഴികളും എല്ലാവരും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളാണെന്നതിനാലാണ് വിശ്വാസപൂർവം പരീക്ഷക്കായി തെരഞ്ഞെടുത്തതെന്ന് ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ വ്യക്തമാക്കി.
വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷയിൽ നേരത്തെ രജിസ്റ്റർ ചെയ്ത നൂറുകണക്കിന് പരീക്ഷാർത്ഥികൾ പങ്കെടുക്കും. പരീക്ഷയുടെ പ്രവർത്തനങ്ങൾക്ക് എക്സാം കോർഡിനേറ്റർമാരെയും സൂപ്പർവൈസർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ തലങ്ങളിൽ ഉയർന്ന മാർക്കു നേടുന്നവർക്ക് നിരവധി സമ്മാനങ്ങൾ ഐ സി എഫ് ന്റെ വിവിധ ഘടകങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.