കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് കൊല്ലപ്പെട്ടത്. തകർന്ന വീടിന് സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസടുത്തു. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്‌ട് പ്രകാരമാണ് പോലീസ് കേസെടുത്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസ്. ഇയാളുടെ തൊഴിലാളിയാണ് മരണപ്പെട്ട മുഹമ്മദ് ആശാം
അനൂപിനെതിരെ നേരത്തെയും സമാനമായ കേസ് നിലവിലുണ്ട്. 2016ൽ കണ്ണൂർ പൊടിക്കുണ്ട് സ്ഫോടനകേസിലെ പ്രതിയാണ് ഇയാൾ. അനൂപ് എന്നത് വ്യാജപേരാണ് എന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് നേരത്തെ നിസാര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്.
ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കീഴറയിലെ വീട്ടിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വീട് പൂണ്ണമായും തകർന്നു. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നു എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പടക്ക വസ്‌തുക്കൾ പൊട്ടിത്തെറിച്ചായിക്കാം സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു