തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഒരു യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതരം. ബലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്.
അമിത വേഗതിയിൽ ഓടിച്ചിരുന്ന ഥാർ വാഹനമാണ് അപകടത്തിൽ പെട്ടത്. റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പോലീസ് സംശയിക്കുന്നു, സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മരണപ്പെട്ട ഷിബിനായിരുന്നു വാഹനം ഓടിച്ചിരുന്നത്. മാരായമുട്ടം സ്വദേശി രജനീഷ് (27), പോങ്ങുമൂട് സ്വദേശി കിരൺ (29), സിവിആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്‌മി (23), എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഇവർ മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഉടൻ തന്നെ ഏല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസടുത്തു