മലപ്പുറം: കെട്ടിട പെർമിറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തുവ്വൂർ പഞ്ചായത്ത് ഓഫീസിന് അപേക്ഷകൻ പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ചു. കരുവാരകുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് (45) ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്കെതിരെ മജീദ് പരാക്രമം കാണിക്കുകയും ചെയ്‌തു.
മാമ്പുഴയിലുള്ള മജീദിന്റെ വാണിജ്യ കെട്ടിടത്തിന് അനുമതി നൽകാത്തതാണ് കരണമെന്നറിയുന്നു. 2024 ഫെബ്രുവരിയിൽ സമർപ്പിച്ച അപേക്ഷയിൽ അപകതയുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് മജീദിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി നല്കാതിരുന്നതായും കെട്ടിട നിർമ്മാണത്തിൽ പിഴവുകൾ ഉണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
ദീർഘകാലം പ്രവാസിയായിരുന്ന മജീദ് സമ്പാദിച്ച പണം മുഴുവനും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കാഴ്‌ചപരിമിതിയുള്ള മകന്റെ ചികിത്സക്ക് പോലും കയ്യിൽ പണമില്ലെന്നും മജീദ് പറഞ്ഞു. സംഭവത്തിനിടെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മജീദിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. പോലീസ് സ്ഥലത്തെത്തി മജീദിന്റെ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നു വരുന്നു.