ദുബൈ: വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായി യുഎഇയിലുടനീളമുള്ള കഫ്റ്റീരിയയിൽ ജങ്ക് ഫുഡിന് നിരോധനം. രാജ്യത്തെ സ്‌കൂൾ കഫ്റ്റീരിയയിൽ ജങ്ക് ഫുഡ് വിൽക്കുന്നതും ഉപയോഗിക്കുന്നതും വ്യാപകമായി നിരോധിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതായി എമറാത് അൽ യൂം റിപ്പോർട്ട് ചെയ്‌തു.
പുതിയ നിയമങ്ങൾ പ്രകാരം വിദ്യാർഥികൾക്ക് ഇനിമുതൽ സ്‌കൂളുകളിലേക്ക് മോർട്ടഡെല്ല, സോസേജുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്കുകൾ, ചോക്ലേറ്റ്, പാക്കറ്റ് ബിസ്‌കറ്റുകൾ അടങ്ങിയ ലഘു ഭക്ഷണങ്ങൾ, ചിപ്‌സ്, കേക്കുകൾ, കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള പേസ്ട്രികൾ, ഫ്ളവേർഡ് നട്ട്സ്, തുടങ്ങിയ ഭക്ഷണ പഥാർഥങ്ങളും ഇനി മുതൽ സ്‌കൂളുകളിലേക്ക് കൊണ്ട് വരാൻ സാധിക്കില്ല. കഠിനമായ അലർജിയുള്ള കുട്ടികൾക്ക് അപകട സാധ്യതയുള്ളതിനാൽ നിലക്കടലയും നിരോധിച്ചിട്ടുണ്ട്.
ഇത്തരം ഭക്ഷണങ്ങൾ മൂലം കുട്ടികൾക്ക് അമിതവണ്ണം, വിട്ടുമാറാത്ത രോഗങ്ങൾ തുടങ്ങി ദീർഘകാല അപകട സാധ്യതകൾ സൃഷ്ടിക്കുമെന്ന ആരോഗ്യ വിദഗ്‌ധരുടെ ശുപർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വിദ്യാർഥികളുടെ ഏകാഗ്രതക്കും അക്കദമിക് പ്രകടനത്തിനും മോശം ഭക്ഷണക്രമം പ്രതികൂലമായ ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
“ആരോഗ്യകരമായ ശീലങ്ങളെ പിന്തുണക്കുന്ന അന്തരീക്ഷമായിരിക്കണം സ്‌കൂളുകൾ” മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. മാതാപിതാക്കൾ കുട്ടികൾക്ക് വീട്ടിൽ സമീകൃതാഹാരം നൽകണമെന്നും കൊഴുപ്പ് കൂടിയതോ പഞ്ചസാര കോടിയായതോ ആയ ഭക്ഷണങ്ങൾ നൽകി കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ചെറുപ്പം മുതലെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുന്നത് സ്‌കൂളുകളുടെയും കുടുംബങ്ങളുടെയും ഉത്തരവാദിത്വമാണെന്നും ശക്തമായ അക്കാദമിക് നേട്ടങ്ങൾക്കും കുട്ടികളുടെ ക്ഷേമത്തിനും പ്രപ്തിക്കും കഴിവുള്ള തലമുറയെ വളർത്തിയെടുക്കുന്നതിനും ഇക്കാര്യങ്ങൾ വളരെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.