റിയാദ്: പ്രഭാഷണരംഗത്ത് കഴിവും പ്രാഗല്ഭ്യവുമുള്ള മികച്ച പ്രതിഭകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിന്റെ മൂന്നാമത് എഡിഷന് തുടക്കമായി.
പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ പരിശീലനം കൊണ്ടും ശ്രദ്ധേയമായ അലിഫിയൻസ് ടോക്‌സിന്റെ ഒന്നാം ഘട്ട സ്ക്രീനിംഗിൽ 1300 വിദ്യാർത്ഥികൾ പങ്കെടുത്തു. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ റൗണ്ട് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
അഞ്ച് കാറ്റഗറികളിലായി കെ ജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബർ 28 ന് നടക്കും. 2026 ജനുവരി 23 ന് നടക്കുന്ന മെഗാ ഫിനാലെയിൽ ഓരോ കാറ്റഗറിയിലെയും അഞ്ചുപേർ വീതം മത്സരിക്കും.
രണ്ടുദിവസം നീണ്ടുനിന്ന ആദ്യഘട്ട സ്ക്രീനിങ്ങിന് അഞ്ചു വേദികളിലായി പത്ത് വിധികർത്താക്കൾ വിധി നിർണയം നടത്തി. ഒന്നാം റൗണ്ടിൽ യോഗ്യത നേടിയവർ സെപ്റ്റംബർ 28 നടക്കുന്ന രണ്ടാം റൗണ്ടിൽ മത്സരിക്കും.
പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ ലുഖ്മാൻ അഹ്മദ് പാഴൂർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, എച്ച് ഒ എസ്സുമാരായ സുബൈരിയ, വിസ്മി രതീഷ്, പ്രോഗ്രാം കോർഡിനേറ്റർ അനസ് കാരയിൽ എന്നിവർ നേതൃത്വം നൽകി.



