22.2 C
Saudi Arabia
Friday, October 10, 2025
spot_img

ഭരണകൂട ഭീകരതയാണ് ഇസ്രായേൽ, നെതന്യാഹുവിനെ നിയമത്തിന് മുന്നിൽകൊണ്ടുവരണം; ഖത്തർ

ദോഹ: ഖത്തറിലെ ഇസ്രായേൽ ആക്രമണത്തെ ന്യായീകരിച്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് ശക്തമായ മറുപടിയുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഇസ്രായേൽ നടത്തുന്നത് ഭരണകൂട ഭീകരതയാണ്. നീതിപീഠത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് നെതന്യാഹുവിനെയാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ ഖത്തറിൽ നിന്നും പുറത്താക്കണമെന്നും അല്ലെങ്കിൽ ഞങ്ങളത് ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.

വിശ്വസ്ഥതയുള്ള, പക്ഷപാതിത്വമില്ലാത്ത മധ്യസ്ഥൻ എന്ന റോളിൽ ഖത്തർ തുടരുമെന്നും നെതന്യാഹുവിൻറെ ഭീഷണിക്ക് ഖത്തർ പ്രധാനമന്ത്രി മറുപടി നൽകി. ഹമാസ് നേതാക്കളെ വധിക്കാനെന്ന പേരിൽ ഖത്തർ ആക്രമിച്ച ഇസ്രാഈൽ നടപടിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാസയിൽ ബന്ധികൾക്ക് ജീവനോടെ തിരിച്ചെത്താനുള്ള അവസാനത്തെ പ്രതീക്ഷയാണ് നെതന്യാഹു നശിപ്പിച്ചതെന്നും അൽ താനി പറഞ്ഞു. ബന്ദികളിലൊരാളുടെ കുടുംബാംഗവുമായി ആക്രമണം ഉണ്ടായ ദിവസം താൻ സംസാരിച്ചിരുന്നുവെന്നും ഖത്തറിൻറെ നേതൃത്വത്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ അവർ പ്രതീക്ഷയോടെയാണ് നോക്കി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച ഖത്തർ സമയം വൈകീട്ട് 3.50 നായിരുന്നു ദോഹയിൽ ഹമാസ് നേതാക്കൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ ആക്രമണം ഉണ്ടായത്. 12 തവണയാണ് ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തിയത്. അഞ്ച് ഹമാസ് പ്രതിനിധികളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും അക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ മുൻ നിര നേതാക്കളെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles