ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് മറുപടി നൽകുന്നത് ചർച്ച ചെയ്യാൻ അടിയന്തിര അറബ് ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചുചേർത്ത് ഖത്തർ. അടുത്ത ഞായർ തിങ്കൾ ദിവസങ്ങളിലായിരിക്കും ഉച്ചകോടി നടക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിടുന്ന ഇസ്രായേലിനോട് ഏത് രീതിയിൽ പ്രതികരിക്കണമെന്ന് ഉച്ചകോടിയിൽ തീരുമാനമെടുത്തേക്കും. പ്രാദേശിക തലത്തിൽ ഒന്നിച്ച് ഇസ്രായേലിന് തിരിച്ചടി നൽകണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ ബിൻ ജാസിം അൽ താനി സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മേഖലയിലെ തങ്ങളുടെ പങ്കാളികളായ രാജ്യങ്ങളുമായി പ്രത്യാക്രമണത്തെ കുറിച്ച് ചർച്ച ചെയ്‌തു വരികയാണെന്നും ജാസിം അൽതാനി പറഞ്ഞു.
ഖത്തർ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ മറവിൽ ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു നെതന്യാഹു. നെതന്യാഹുവിനെതിരെ ശക്തമായ മറുപടിയുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്‌മാൻ ബിൻ ജാസിം അൽ താനി രംഗത്തുവന്നിരുന്നു. ഖത്തർ വിദേശ മന്ത്രാലയവും നെതന്യാഹുവിനെതിരെ ശക്തമായ പ്രതികരവുമായി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.