റിയാദ്: ചില്ലയുടെ ആഗസ്ത് മാസ വായന മദ്ധ്യവേനലവധിയിലെ കുട്ടികളുടെ വായനാനുഭവം കൊണ്ട് സവിശേഷമായി. റിയാദിൽ വിദ്യാർത്ഥികളായ സ്നിഗ്ദ്ധ, സൗരവ്, നോറ റോസ് എന്നിവർ ലോകത്തെ മികച്ച മൂന്ന് നോവലുകളുടെ വായനാനുഭവം പങ്കുവെച്ചു. ജെയ്ൻ ഓസ്റ്റിന്റെ പ്രശസ്തമായ “പ്രൈഡ് ആൻഡ് പ്രജുഡിസ്” എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് സ്നിഗ്ദ നോവൽ ചരിത്രത്തിലെ ഏറ്റവും കാല്പനികമായ ഒരു കൃതിയെ പരിചയപ്പെടുത്തി. കുടുംബം, ബന്ധങ്ങൾ, അതിലെ സ്ത്രീ, പുരുഷൻ എന്നിവയുടെ നിർവചനമായി നോവൽ മാറുന്നതിനെ സ്നിഗ്ദ്ധ വിശകലനം ചെയ്തു.
വിഖ്യാത എഴുത്തുകാരൻ ഫ്രാൻസ് കാഫ്കയുടെ ‘ദ മെറ്റമോർഫോസിസ്’ എന്ന നോവലിന്റെ വായനാനുഭവം സൗരവ് പങ്കു വെച്ചു. ഗ്രിഗർ സാംസ എന്ന പ്രധാന കഥാപാത്രത്തിന്റെ രൂപാന്തരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിവക്ഷകൾ സൗരവ് പങ്കുവെച്ചു. രൂപാന്തരത്തിലൂടെ മനുഷ്യന് സമൂഹവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാവുന്ന അന്യവൽക്കരണവും നോവൽ വരച്ചു കാട്ടുന്നതായി സൗരവ് പറഞ്ഞു.
അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേയുടെ “ഓൾഡ് മാൻ ആൻഡ് സീ” എന്ന നോവലിനെ നോറ റോസ് വിശകലനം ചെയ്തു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും പോരാട്ടത്തെയുമാണ് നോവൽ വരച്ചുവെക്കുന്നതെന്ന് നോറ പറഞ്ഞു. തോൽവിയിൽ നിന്നും ശുഭാപ്തിവിശ്വാസത്തോടെ ഉയിർത്തെഴുന്നേൽക്കാൻ നോവൽപാഠം വായനക്കാരെ പ്രാപ്തരാക്കുന്നു എന്ന് നോറ കൂട്ടിച്ചേർത്തു.
റഫീഖ് പന്നിയങ്കര അംബികാസുതൻ മാങ്ങാടിന്റെ “അല്ലോ ഹലൻ” എന്ന ഏറ്റവും പുതിയ നോവലിനെ പരിചയപ്പെടുത്തി. കോലത്തിരിയുടെ ഭാഗമായ അള്ളടം മുക്കാതം എന്ന ദേശത്തിന്റെ സാമന്തന്മാരായി ഭരിക്കുന്ന എട്ടുകുടക്കീഴിൽ പ്രഭുക്കൻമാരിൽ പ്രധാനിയായ അതിയാൽ കൂലോത്തെ അല്ലോഹലൻ എന്ന അവർണ്ണ നാട്ടുരാജാവിന്റെ ജീവിതവും തുളുനാടിന്റെ ഭൂതകാല ചരിത്രവും സാംസ്‌കാരിക പൈതൃകവുമൊക്കെയാണ് ഈ നോവലിന്റെ ഉള്ളടക്കം. ചതിക്കപ്പെട്ടവനും ചതിയിൽ കൊല്ലപ്പെട്ടവനും ദൈവമായി മാറുന്ന നാടാണത്. ‘അല്ലോഹലൻ’ എന്ന നോവലും പറയുന്നത് അത്തരം ഒരു കഥയാണെന്ന് റഫീഖ് അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന സംവാദത്തിന് എ. ഫൈസൽ തുടക്കം കുറിച്ചു. സബീന സാലി, വിപിൻ കുമാർ, ഷിംന സീനത്ത്, ബീന, അനിത്ര ജ്യോമി, ഫൈസൽ കൊണ്ടോട്ടി, ബാസിൽ എന്നിവരും സംവാദത്തിൽ പങ്കെടുത്തു. ജോമോൻ സ്റ്റീഫൻ സംവാദം ഉപസംഹരിച്ച് സംസാരിച്ചു. നാസർ കാരകുന്ന് മോഡറേറ്റർ ആയിരുന്നു.