ദോഹ: ദോഹക്കെതിരായ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി വിളിച്ചുചേർത്ത അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അറബ് നേതാക്കൾ ഞായറാഴ്ച മുതൽ ഖത്തറിൽ എത്തിത്തുടങ്ങി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മൗറീഷ്യൻ പ്രസിഡന്റ് മുഹമ്മദ് ഔൾദ് എൽ-ഗസാവുനിയെ ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി സ്വീകരിച്ചു.
ഉച്ചകോടിക്ക് മുന്നോടിയായി അറബ് വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാൻ യുഎഇ സഹമന്ത്രി ഖലീഫ ഷഹീൻ അൽ-മാരാർ തലസ്ഥാനത്ത് എത്തി.
ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ചൊവ്വാഴ്ച ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഖത്തർ അടിയന്തിര യോഗം വിളിച്ചത്. ആക്രമണത്തിൽ ഹമാസിലെ അഞ്ച് അംഗങ്ങളും ഒരു ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ മുതൽ 64,800-ലധികം പലസ്തീനികളെ കൊന്നൊടുക്കിയ ഗാസക്കെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് യുഎസും ഈജിപ്തും ചേർന്ന് ദോഹ മധ്യസ്ഥത വഹിക്കുന്നുണ്ട്. അതിനിടയിലായിരുന്നു ഇസ്രാഈലിന്റെ ഖത്തറിന് നേരെയുള്ള ആക്രമണം.