കോഴിക്കോട് : മാസങ്ങൾക്കു മുമ്പ് നടത്തിയ ഓൺലൈൻ ഇടപാടിന്റെ വിവരങ്ങൾ ചോർത്തി നടത്തിയ തട്ടിപ്പിൽ കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി. എന്നാൽ പണം എത്തിച്ചേർന്ന സ്ഥാപനങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ട് മുഴുവൻ തുകയും തിരികെ പിടിച്ചെടുത്ത് പോരാട്ടം വിജയിച്ചിരിക്കുകായാണ് കോഴിക്കോട് പെരുമുഖം സ്വദേശിയും താമറിൻഡ് ഹോളിഡേയ്‌സ് ഉടമയുമായ കോഴിക്കോടൻ തറ മുഹമ്മദ് റഫീഖ്.
സെപ്റ്റംബർ രണ്ടിനാണ് റഫീഖിന്റെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണയായി 5179 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. അമേരിക്കയിലെ ഒരു ദന്ത സംരക്ഷണ ഉപകരങ്ങളുടെ നിർമാതാക്കൾക്കും അയർലൻഡിലെ ഇ സിം സേവന ദാതാക്കൾക്കുമാണ് തുക പോയതെന്നാണ് എസ് എം എസ് സന്ദേശം വന്നത്. ഉടനെ തന്നെ കാർഡ് വഴിയുള്ള എല്ലാ സേവനങ്ങളും റദ്ദാക്കിയശേഷം ബാക്കി ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. സേവന ദാതാക്കളായ ഇന്ത്യാ ബേങ്കിനെ വിവരമറിയിച്ചു. എന്നാൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല. സൈബർ പോലീസിലും പരാതി നൽകിയിരുന്നു.
ഇടപാട് നടന്ന സ്ഥാപനങ്ങളുമായി നിരന്തരം ഈ മെയിൽ വഴി ബന്ധപ്പെട്ട് റഫീഖ്, നടത്തിയ സ്വന്തം പ്രയത്നമാണ് ഫലം കണ്ടത്. രണ്ട് കമ്പനികളുമായി നിരവധി ആശയ വിനിമയമാണ് നടത്തിയത്. തട്ടിപ്പ് ബോധ്യമായ കമ്പനികൾ തുക തിരികെ നൽകുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് നടത്തിയ ഡെബിറ്റ് കാർഡ് ഇടപാടാണ് റഫീഖിന് വിനയായത്. ഇടപാട് നടത്തിയ കാർഡിന്റെ വിവരങ്ങൾ ചോർത്തിയ ആരോ ഓൺലൈൻ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു. വാണിജ്യ വ്യവസായ മേഖലകളിൽ സൽപേരും ഗുണനിലവാരവും നിലനിർത്തിപ്പോരുന്ന സ്ഥാപനങ്ങളിൽ നിന്ന് സേവനം ലഭിക്കാൻ ഓ ടി പി ആവശ്യമില്ല. പകരം കാർഡിൻറെ പിൻവശത്തുള്ള സി വി വി(കാർഡ് വെരിഫിക്കേഷൻ വാല്യു/ കോഡ്) നമ്പർ മതി. ഈ സൗകര്യം ഉപയോഗപെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഇന്ത്യാ ബാങ്കിന്റെ ഭാഗത്ത് നിന്നും സൂക്ഷ്മത കുറവ് ഉണ്ടായതായി റഫീഖ് മലയാളം ന്യൂസ് ഓൺലൈനോട് പറഞ്ഞു. കാർഡ് ഉടമയുടെ പേരായ താമറിൻഡ് ഹോളിഡേയ്‌സ് എന്നതിന് പകരം മറ്റേതോ ഭാഷയിലുള്ള വ്യക്തതയില്ലാത്ത പേര് നൽകിയിട്ടും ഇടപാട് സാധ്യമായി എന്നത് സുരക്ഷാ സംവിധനങ്ങളുടെ വീഴ്ച്ചയായി കണക്കാക്കണം. പണം ചെന്നുചേർന്ന സ്ഥാപനങ്ങളുടെ വിശ്വാസ്വത കൊണ്ട് മാത്രമാണ് പണം തിരികെ ലഭിച്ചതെന്ന് റഫീഖ് പറഞ്ഞു. റിസർവ് ബേങ്കിന്റെ നിയമപ്രകാരം, ഓൺലൈൻ ഇടപാടുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ സൂക്ഷിക്കാൻ പാടില്ല. ഈ ചട്ടവും ലംഘികപ്പെട്ടതായാണ് മനസ്സിലാവുന്നത്.
സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചു വരുകയാണ്. ഉപഭോക്താക്കളുടെ ജാഗ്രത മാത്രമാണ് രക്ഷപെടാനുള്ള ഏകമാർഗം.
വാലറ്റ് സംവിധാനം പോലെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ മറ്റൊരു അക്കൗണ്ട് എടുത്ത് ചെറിയ തുകകൾ അതിലേക്ക് മാറ്റി ആവശ്യമായ ഇടപാടുകൾ നടത്തുകയും ചെയ്യുക എന്നതാണ് ഏറ്റവും ലളിതമായ സുരക്ഷാ രീതി. പൊതു സ്ഥലങ്ങളിലെ വൈഫൈ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്താതിരിക്കുക. ഇടപാട് നടത്തുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ അഡ്രസ് ബാറിൽ https:// എന്ന് തുടങ്ങുന്നുണ്ടോ എന്നും ഒരു പാഡ്‌ലോക്ക് ഐക്കൺ കാണുന്നുണ്ടോ എന്നും ഉറപ്പുവരുത്തുക. ഓൺലൈൻ അക്കൗണ്ടുകൾക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയാത്ത പാസ്‌വേഡുകൾ ഉപയോഗിക്കുക. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് പാസ്‌വേഡുകൾ ഉണ്ടാക്കുക. ഒരേ പാസ്‌വേഡ് ഒന്നിലധികം സൈറ്റുകളിൽ ഉപയോഗിക്കാതിരിക്കുക. സാധ്യമാകുന്ന എല്ലാ അക്കൗണ്ടുകൾക്കും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജ്ജമാക്കുക. കമ്പ്യൂട്ടറിലെയും മൊബൈൽ ഫോണിലെയും ഓപ്പറേറ്റിംഗ് സിസ്റ്റവും മറ്റ് സോഫ്റ്റ്‌വെയറുകളും എപ്പോഴും അപ്ഡേറ്റ് ആയി സൂക്ഷിക്കുക. ഫോണിലേക്കോ ഇമെയിലിലേക്കോ വരുന്ന അജ്ഞാത ലിങ്കുകളിലോ അറ്റാച്ച്‌മെന്റുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ കൃത്യമായി പരിശോധിച്ച് സംശയകരമായ ഇടപാടുകൾ ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. ഫോൺ വഴിയോ ഇമെയിൽ വഴിയോ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആരെങ്കിലും കാർഡ് നമ്പർ, പിൻ, ഒടിപി, സിവിവി തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പാലിക്കുക.