ന്യൂയോർക്ക്: കാനഡക്കും ആസ്‌ത്രേലിയക്കും പിന്നാലെ ഫലസ്‌തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെയും. അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തായ എതിർപ്പിനെ മറി കടന്നു കൊണ്ടായിരുന്നു യുകെയുടെ തീരുമാനം. യുകെയുടെ ചരിത്രപരമായ തീരുമാനത്തോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗ രാജ്യങ്ങളിൽ 145 ൽ കൂടുതൽ രാജ്യങ്ങൾ ഫലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുന്നു. ഫ്രാൻസ് സെപ്റ്റംബർ 22 തിങ്കളാഴ്‌ച ഫലസ്‌തീനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുമായി സഹകരിച്ച് നടക്കുന്ന സമ്മേളനത്തിൽ ഇമ്മാനുവൽ മാക്രോൺ ഈ പ്രഖ്യാപനം നടത്തും.
ഫലസ്തീനികൾക്കും ഇസ്രയേലികൾക്കും സമാധാന പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റർമാർ തന്റെ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിലെ ഫലസ്‌തീൻ രാഷ്ട്രത്തിൽ ഹമാസിന് ഒരുപങ്കും ഉണ്ടാവില്ലെന്നും 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ നിന്ന് ഇപ്പോഴും കൈവശം വെച്ചു കൊണ്ടിരിക്കുന്ന ബന്ദികളെ ഹമാസ് ഉടൻ വിട്ടയക്കണമെന്നും സ്റ്റർമാർ ആവശ്യപ്പെട്ടു. ഈ അംഗീകാരം ഹമാസിനുള്ളതല്ല. ഗാസയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും രണ്ടു രാഷ്ട്ര പരിഹാരത്തിനും വഴിയൊരുക്കുമെന്നതിനാലാണെന്നും സ്റ്റാർമർ ഓർമപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നിരുന്നാലും യൂറോപ്യൻ രജ്യങ്ങളും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഫലസ്‌തീൻ അംഗീകാരത്തിന് പിന്തുണ നൽകി. ബെൽജിയം, പോർച്ചുഗൽ, മാൾട്ട തുടങ്ങിയ രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചിരുന്നു.
യുകെ ഫലസ്‌തീന് നൽകിയ അംഗീകാരം മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗാസയിലെ യുദ്ധവും ബന്ദികളുടെ മോചനവും സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ അംഗീകാരത്തിൻറെ പ്രായോഗിക ഫലങ്ങൾ എന്താകുമെന്ന് പ്രവചനാതീതമാണ്.