റിയാദ്: റിയാദ് ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്‌ദുറഹീമിന്ന് കീഴ്കോടതി നൽകിയ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി കോടതി തള്ളി. കീഴ്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്‌തു. ഹരജി തള്ളിയതോടെ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയായാൽ അബ്‌ദുറഹീമിൻറെ മോചനം എളുപ്പമാകും. അതേസമയം ശിക്ഷാ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റഹീമിൻറെ അഭിഭാഷകൻ നൽകിയ ഹരജിയും കോടതി തള്ളി.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുറഹീം. 2026 ഡിസംബറിൽ കേസിന് 20 വർഷം പൂർത്തിയാവും. 20 വർഷത്തെ ശിക്ഷയാണ് കോടതി അബ്‌ദുറഹീമിന് വിധിച്ചിരുന്നത്. ഒന്നര കോടതി റിയാൽ ദിയാധനം സ്വീകരിച്ചായിരുന്നു കൊല്ലപ്പെട്ട ബാലന്റെ കുടുംബം അബ്‌ദുറഹീമിന് മാപ്പ് നൽകിയിരുന്നത്. കേരളത്തിലെ സുമനസ്സുകളുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായിരുന്നു 34 കോടി ഇന്ത്യൻ രൂപ സഹായ സമിതിക്ക് പെട്ടെന്ന് തന്നെ സ്വരൂപിക്കാനായത്.