34.5 C
Saudi Arabia
Thursday, October 9, 2025
spot_img

നിശബ്‌ദത നിഷ്‌പക്ഷതയല്ല; മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ഫലസ്‌തീനിൽ നടക്കുന്ന വംശഹത്യയിൽ മോഡി സർക്കാരിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഇസ്രയേലിനെതിരെ ഇന്ത്യ മുന്നിൽ നിൽക്കണമെന്ന് അവർ ആവർത്തിച്ചു. ഫലസ്‌തീൻ വിഷയത്തിൽ മോഡി സർക്കാർ എടുക്കുന്ന നിലപാട് ‘നിഗൂഢമായ നിശബ്‌ദതയാണെന്നും’ അവർ കുറ്റപ്പെടുത്തി.
ധാർമികതയും മാനവികതയും തീർത്തും ഒഴിവാക്കുന്ന നിലപടുകളാണ് മോഡി സർക്കാരിന്റേതെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ ‘നിശബ്ദമായ ശബ്‌ദം ഫലസ്‌തീനുമായുള്ള അതിന്റെ വേർപിരിയൽ’ എന്ന ശീർഷകത്തിൽ ദ ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗന്ധിയുടെ പ്രതികരണം.

മോഡിയുടെ നിലപടിന് പിന്നിൽ രാജ്യത്തിൻറെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താല്പര്യങ്ങളോ അല്ല, മറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ്. ഇതാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെ പ്രധാനമായും നയിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ വ്യക്തിഗത രീതി ഒരിക്കലും നിലനിൽക്കില്ല. ഇന്ത്യയുടെ വിദേശ നയത്തിൻറെ മാർഗ നിർദേശക കോമ്പസ് ആകാനും കഴിയില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വിശിഷ്യ അമേരിക്കയിൽ ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നിരുന്നു. വേദനാജനകവും അപമാനകാരവുമായ പരാജയമാണ് അതിനുണ്ടായതെന്ന് അവർ ലേഖനത്തിൽ പറയുന്നു.

ലോക വേദിയിലെ ഇന്ത്യയുടെ സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിപരമായ മഹത്വം തേടുന്ന വഴികളിൽ ഒതുക്കി നിർത്താനാവില്ലെന്ന് അവർ പറഞ്ഞു. ചരിത്രപരമായ നേട്ടങ്ങളിൽ മാത്രം അതിനെ ഒതുക്കി നിർത്താനുമാവില്ല. സോണിയ ഗാന്ധി തന്റെ ലേഖനത്തിൽ തുറന്നടിച്ചു. അതിന് നിരന്തരമായ ധൈര്യവും ചരിത്രപരമായ തുടർച്ചയുടെ ബോധവും ആവശ്യമാണ്. ദീർഘക്ഷമയോടെ സഹിച്ച് കാത്തിരുന്ന ഒരു ജനതയുടെ ന്യായമായ അഭിലാഷങ്ങളുടെ പൂർത്തീകരണത്തിലേക്കുള്ള ആദ്യപടിയായ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിൽ ഫ്രാൻസ് യുകെ, കാനഡ, പോർച്ചുഗൽ, ആസ്തേലിയ എന്നിവരുമായി ചേർന്നതെങ്ങിനെയന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്ര സഭയിലെ 193 രാജ്യങ്ങളിൽ 150 രാജ്യങ്ങളും ഇക്കാര്യം അംഗീകരിച്ചെന്നും അവർ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഇത്തരം വിഷയങ്ങളിൽ ഇന്ത്യ ഇരകൾക്കൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ വർണ്ണ വിവേചന വിഷയത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടും അൾജീരിയൻ സ്വതന്ത്ര സമരകാലത്തെ (1954-62) ഇന്ത്യയുടെ നിലപാടും അവർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര അൾജീരിയക്ക് വേണ്ടിയുള്ള ഏറ്റവും ശക്തമായ ശബ്‌ദങ്ങളിൽ ഒന്നായിരുന്നു ഇന്ത്യയുടേതെന്നും അവർ പറഞ്ഞു. 1971 ൽ കിഴക്കൻ പാകിസ്ഥാനിൽ നടന്ന സംഘർഷത്തിൽ ഇന്ത്യ ഇടപെട്ടതും അവർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഗാസ വിഷയത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മൂന്നാമത്തെ ലേഖനമാണിത്. ഈ വിഷയത്തിൽ മോഡി സർക്കാർ സ്വീകരിക്കുന്ന നിലപടുകളെ ശക്തമായിഎതിർക്കുന്നവയായിരുന്നു എല്ലാ ലേഖനങ്ങളും. ഫലസ്‌തീൻ എന്ന നിർണായകവും സെൻസിറ്റിവുമായ വിഷയത്തിൽ ഇന്ത്യ വളരെക്കാലമായി സൂക്ഷ്‌മവും തത്വാധിഷ്ഠിതവുമായ നിലപാട് നിലനിർത്തിയിട്ടുണ്ട്. സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധതക്കാണ് ഇന്ത്യ എന്നും ഊന്നൽ നൽകിയിരുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

 

Related Articles

- Advertisement -spot_img

Latest Articles