റിയാദ്: റിയാദ് നഗരത്തിലെ താമസ വാടക പ്രതിവർഷം വർധിപ്പിക്കുന്ന രീതിക്ക് ഇനി അഞ്ച് വർഷം വിലക്ക്. സ്വദേശികൾക്കും വിദേശികൾക്കും വിദേശികൾക്കും കച്ചവടക്കാർക്കും ഒരുപോലെ ആശ്വാസകരമാണ് പുതിയ ഉത്തരവ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണം റിയൽ എസ്‌റ്റേറ്റ് അതോറിറ്റി നടത്തിയ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സെപ്റ്റംബർ 25 മുതൽ അഞ്ച് വർഷത്തേക്ക് വാടക വർധിപ്പിക്കുന്നത് വിലക്കുന്ന തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
കഴിഞ്ഞ കാലങ്ങളിൽ താമസ വാണിജ്യ വാടക വർധനയുമായി ബന്ധപ്പെട്ട് റിയാദ് നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്തായിരുന്നു പുതിയ നിയന്ത്രണങ്ങൾ. ഇത് സംബന്ധിച്ച് കൂടുതൽ നിയന്ത്രണനടപടികൾ സ്വീകരിക്കാൻ നേരത്തെ കിരീടാവകാശി നിർദേശിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലകളിൽ അന്താരാഷ്ട്ര തലങ്ങളിൽ സ്വീകരിക്കുന്ന രീതികളും പരിഷ്‌കാരങ്ങളും റിയൽ എസ്‌റ്റേറ്റ് അതോറിറ്റി പഠിക്കുകയും കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയൽ എസ്‌റ്റേറ്റ് അതോറിറ്റി രൂപപ്പെടുത്തുകയായിരുന്നു. ഈ വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനവും ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നുവെന്ന് റിയൽ എസ്‌റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.
പുതിയ തീരുമാന പ്രകാരം റിയാദ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന താമസ വാണിജ്യ വാടക കരാറുകളിൽ വാർഷിക വാടക വർധനവ് ഇനിമുതൽ അഞ്ച് വർഷത്തേക്ക് താൽക്കാലികമായി വിലക്കിയിട്ടുണ്ട്. നിലവിലുള്ള വാടക കരാറുകൾക്കും പുതിയ കരാറുകൾക്കും ഇത് ബാധകമാണ്ഇ. തനുസരിച്ച് നിലവിളിയുള്ളതോ പുതിയതോ ആയ കരാറുകളിലും നേരത്തെ പരസ്‌പരം സമ്മതിച്ചിട്ടുള്ള വാടക കെട്ടിടയുടമ വർധിപ്പിക്കാൻ പാടുള്ളതല്ല.
വാർഷിക വാടക വർധനവ് നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ആവശ്യമെങ്കിൽ സാമ്പത്തിക വികസന സമിതിയുടെ അംഗീകാരത്തോടെ മറ്റു നഗരങ്ങളിലും ഗവർണറേറ്റുകളിലും പൂർണമായോ ഭാഗികമായോ നടപ്പിലാക്കാവുന്നതാണ്. ഇതിന് റിയൽ എസ്‌റ്റേറ്റ് ജനറൽ അതോറിറ്റിയുടെ അംഗീകാരം ആവശ്യമാണ്.