റിയാദ്: വിദ്യാഭ്യാസ, വൈജ്ഞാനിക രംഗത്ത് പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ അലിഫ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഐ എസ് ഒ അംഗീകാരം. അക്കാദമിക് രംഗത്തെ ഗുണനിലവാരം, വിദ്യാർഥികളിലെ ക്രിയാത്മകത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന ആക്ടിവിറ്റികൾ, ഫലപ്രദമായ പഠനാനുഭവം വിഭാവനം ചെയ്യുന്ന ക്ലാസ് മുറികൾ, സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുന്ന കലാപരിപാടികൾ, സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻനിർത്തിയാണ് അലിഫ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്.
പ്രവാസി വിദ്യാർഥികൾക്ക് ഗുണനിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യവുമായി 2009 ലാണ് അലിഫ് സ്കൂളിൻ്റെ തുടക്കം. 2019 ൽ കോഴിക്കോട് അലിഫ് ഗ്ലോബൽ റെസിഡൻഷ്യൽ സ്കൂളും രാജ്യാന്തര വിദ്യാർഥികൾക്ക് വേണ്ടിയുള്ള അലിഫ് വേർച്വൽ സ്കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് വളർച്ചയുടെ വഴിയിൽ മുന്നോട്ടുപോകുന്നു.
ISO 9001:2015 നേട്ടം കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ ലുഖ്മാൻ അഹ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.