തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കറും മന്ത്രി വാസവനും. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇരുവരും.
30 വർഷം ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും ചെയ്‌താൽ വിജയം ഉണ്ടാവുമെന്നും വെള്ളാപ്പള്ളി നടേശനെ പോലെയുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശനെ പ്രകീർത്തിച്ചു മന്ത്രി വാസവനും രംഗത്തുവന്നു. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്നും കുത്തഴിഞ്ഞ പുസ്‌തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പളി നടേശനാണെന്നും വാസവൻ പറഞ്ഞു. അദ്ദേഹം പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമ ജീവിതത്തിലേക്ക് പോകുന്ന സമയത്താണ് അദ്ദേഹം ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ഗുരു ദർശനം വളരെ പ്രധാന്യമുള്ള കാലഘട്ടമാണെന്നും വാസവൻ പറഞ്ഞു.
എന്നാൽ ഇരുവരെയും പരിഹസിച്ച് സോഷ്യൽ മീഡിയ. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷങ്ങൾ മാത്രം പറഞ്ഞു നടക്കുന്ന വെള്ളാപ്പള്ളിയിലൂടെ ഹൈന്ദവ വോട്ടുകൾ സിപിഎം തട്ടിയെടുക്കുമെന്ന ആധിയാണ് ബിജെപിക്കും ഗവർണർക്കുമെന്ന് സോഷ്യൽ മീഡിയ പരിഹസിച്ചു.
നിരന്തരം വർഗീയത വിളമ്പുന്ന വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്താൻ മാത്രമുള്ള ഒരു മന്ത്രിയായി വി എൻ വാസവൻ അധഃപതിച്ചുവെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ മതേതര സാംസ്‌കാരിക പാരമ്പര്യത്തിന് കളങ്കമാണ് വാസവനെന്നും തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇത്തരം കോപ്രായങ്ങൾ കേരളത്തിൻറെ മതേതര മനസ്സുകൾക്കേൽക്കുന്ന ക്ഷതങ്ങൾ നിസാരമല്ലെന്നും സോഷ്യൽ മീഡിയ.
ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായി വിദ്വേശ പ്രചാരണങ്ങൾ നടത്തുന്ന വെള്ളാപ്പള്ളിയുടെ പിന്നാലെ നടന്ന് പുകഴ്ത്തുകയും ആദരിക്കുകയും ചെയ്യുന്ന കമ്മ്യുണിസ്റ്റുകളെ കണ്ട് കേരളം ലജ്ജിക്കുന്നു. കേരളത്തിൻറെ മത നിരപേക്ഷതയോടൊപ്പം നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റുകൾ ജീവിക്കുകയും ഭരിക്കുകയും ചെയ്‌തിരുന്ന നാടാണ് കേരളമെന്ന് ഓർക്കണമെന്നും തുടങ്ങിയ കുറിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.