തെൽഅവീവ്: ഗാസയിലേക്ക് അവശ്യ സാധങ്ങളുമായി പോയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകളെ തടഞ്ഞ് ഇസ്രയേൽ. സായുധരായ ഇസ്രയേൽ സൈന്യം കപ്പലുകളിലേക്ക് അതിക്രമിച്ചു കയറുന്ന ചിത്രം പുറത്തു വന്നു. ഇസ്രാഈൽ സൈന്യം കപ്പലിൽ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങൾ സുമൂദ് ഫ്ലോട്ടില്ലയും എക്‌സിൽ പങ്കുവെച്ചു.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ദുബെർഗ് അടക്കമുള്ളവരെ ഇസ്രയേൽ സൈന്യം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഗാസയിൽനിന്നും 70 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് ഫ്ലോട്ടില്ലകളെ തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഗ്രെറ്റ ഉൾപ്പടെയുള്ള ആക്ടിവിസ്റ്റുകൾ സുരക്ഷിതരാണെന്ന് ഇസ്രായേൽ അറിയിച്ചു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായ നിരവധി കപ്പലുകൾ തടഞ്ഞു നിർത്തിയതായും കപ്പലിലുണ്ടായിരുന്നവരെ ഇസ്രായേൽ തുറമുഖത്തേക്ക് തിരിച്ചുവിട്ടതായും ഇസ്രായേൽ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സംഘർഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഗതി മാറി സഞ്ചരിക്കണമെന്നും ആക്ടിവിസ്റ്റുകൾക്ക് ഇസ്രയേൽ നാവിക സേന നിർദേശം നൽകിയിരുന്നെന്നും മന്ത്രാലയം അറിയിച്ചു.