ബൊഗോട്ട: ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിച്ച ആക്ടിവിസ്റ്റുകളുടെ കപ്പൽ വ്യൂഹമായ സുമുദ് ഗോട്ടില്ലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരെ കടുത്ത പ്രതിഷേധവുമായി കൊളംബിയ. കൊളംബിയയിലുള്ള മുഴുവൻ നയതന്ത്രജ്ഞരെയും പുറത്താക്കാനാണ് തീരുമാനം. മുഴുവൻ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ ഉത്തരവിട്ടു.
ഫ്ലോട്ടില്ല സംഘത്തിലെ കൊളംബിയൻ പൗരന്മാരടക്കമുള്ള മനുഷ്യാവകാശപ്രവർത്തകരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിയിരുന്നു. കൊളംബിയൻ പൗരന്മാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ക്രൂവിൻറെ ഭാഗമായിരുന്നു. കപ്പൽ വ്യൂഹത്തെയും പൗരന്മാരെയും തടഞ്ഞത് ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് പെട്രോ എക്‌സിൽ മുന്നറിയിപ്പ് നൽകി.
ഇസ്രയേലുമായുള്ള ബന്ധം 2024 മെയ് മാസത്തിൽ വിഛേദിച്ചിരുന്നെങ്കിലും പ്രതിനിധികൾ രാജ്യത്ത് തുടർന്നിരുന്നു. നയതന്ത്ര പ്രതിനിധികളോട് ഉടൻ കൊളംബിയ പ്രദേശം വിട്ടുപോവാൻ ഉത്തരവിട്ടുകൊണ്ട് കടുത്ത പ്രസ്‌താവന ഇറക്കിയിരിക്കുകയാണ് പെട്രോ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നിർത്തുന്നത് സംബന്ധിച്ച് വീണ്ടും പരിശോധിക്കുമെമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായുള്ള കരാർ താൽക്കാലികമായി അവസാനിപ്പിക്കാൻ പെട്രോ ശ്രമം നടത്തിയിരുന്നു.