ദമ്മാം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന അമൃതം 2025 പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചാമക്കാല ദമ്മാമിൽ നടത്തിയ വർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
1999ൽ സ്വർണം പൂശിയ പ്രതിമകളെ വീണ്ടും സ്വർണം പൂശാനെന്ന പേരിൽ ആരെയും അറിയിക്കാതെ 2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ട്. അതിന് ശേഷം 39 ദിവസം കഴിഞ്ഞാണ് പ്രതിമകൾ തിരിച്ചെത്തിക്കുന്നത്. ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അവ ബാംഗ്ലൂരിലേക്ക് കൊണ്ട് പോയി എന്ന സാക്ഷിമൊഴികളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
സ്വർണം പൂശൽ നടത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തിയാണെന്ന് പറയപ്പെടുന്നു. അതേസമയം, അയാൾ ആരാണെന്നോ, അദ്ദേഹത്തിന്റെ അധികാര പരിധി എന്താണെന്നോ എന്നൊന്നും ദേവസ്വം ബോർഡിനോ സർക്കാരിനോ അറിയില്ല. ഇതിൻറെ മുഴുവൻ പശ്ചാത്തലവും പൊതു സമൂഹം അറിയേണ്ടതാണ്. മതത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് സിപിഎം അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയിൽ 2018 ലെ വിധി വന്നപ്പോൾ ഇടതു മുന്നണി നിലപാട് എന്തായിരുന്നു ഇപ്പോൾ ന്യൂനപക്ഷ പ്രീണനം മതിയാക്കി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ശബരിമല വിഷയത്തിലെങ്കിലും സിപിഎം പൊതു സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണം. വിശ്വാസികൾക്ക് എതിരായുള്ള കേസുകളും സുപ്രീം കോടതിയിൽ കൊടുത്തിട്ടുള്ള സത്യവാങ് മൂലവും പിൻവലിക്കുകയാണ് സിപിഎം ആദ്യം ചെയ്യേണ്ടത്. ഇത്തരം എല്ലാ ഇരട്ടത്താപ്പുകളും അടുത്ത തെരെഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ചാമക്കാല പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ ബജറ്റിൽ പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഉച്ചക്കഞ്ഞി വിതരണം ചെയ്‌ത അധ്യാപകർക്കോ, പാചകം ചെയ്‌ത ജീവനക്കാർക്കോ ക്ഷേമനിധിയിൽ അംശാദായം അടച്ചവർക്ക് പെൻഷൻ ആവുമ്പോൾ അത് പോലും കൊടുക്കാൻ കഴിയാത്ത സർക്കാരാണ് പ്രവാസി ഇൻഷുറൻസ് നടപ്പാകുമെന്ന് പറയുന്നത്. രാജ്യത്ത് ജനാധിപത്യം തട്ടിയെടുത്ത പോകുന്ന സാഹചര്യമാണ് നിലനിലുള്ളത്.
രാഹുൽ ഗാന്ധിയുടെ ജനസമ്പർക്ക യാത്രകൾ രാജ്യത്തിന് പ്രത്യാശയും പുതു ജീവനും നൽകുന്നതാണ്. രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഉടനുണ്ടാകും തീയതിയും സമയവും വൈകാതെ തീരുമാനിക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യങ്ങൾ അന്തിമ ഘട്ടത്തിലാണ്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്നെനും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. ജനങ്ങൾ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
ഒഐസിസി സൗദി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഇ കെ സലീം, കെപിസിസി മുൻ എക്സികുട്ടീവ് അംഗം അഹമ്മദ് പുളിക്കൽ, ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം ട്രഷറർ പ്രമോദ് പൂപ്പാല, ഒഐസിസി ദമ്മാം കൊല്ലം ജില്ലാ പ്രസിഡന്റ് സുരേഷ് റാവുത്തർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കടുത്തു.