തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെത്തിയ വിഐപികളുടെ താമസത്തിന് സർക്കാർ ചെലവഴിച്ചത് ലക്ഷങ്ങൾ. താമസസൗകര്യത്തിന് ആഡംബര റിസോർട്ടുകൾക്ക് ദേവസ്വം ബോർഡ് 12,76,440 രൂപ അനുവദിച്ചതായി റിപ്പോർട്ടുകൾ. കുമരകത്തെ റിസോട്ടുകൾക്കും ഹോട്ടലുകൾക്കുമാണ് ഇത്രയും തുക നൽകിയത്.
റിസോർട്ടുകൾക്ക് മുൻകൂർ പണം അനുവദിച്ച് ഉത്തരവിറക്കിയത് സെപ്റ്റംബർ 17 നാണ്. കുമരകം ഗോകുലം റിസോർട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോർട്ടിന്റെ 3,39,840 രൂപയും പാർക്ക് റിസോർട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ് വേ റിസോർട്ടിന് 2,5000 രൂപയുമാണ് മുൻകൂറായി അനുവദിച്ചത്.
സംഗമത്തിൽ 4500 ഓളം പ്രതിനിധികൾ പങ്കെടുത്തതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ആരൊക്കെയാണ് വിഐപി ലിസ്റ്റിൽ ഉള്ളതെന്ന് വ്യക്തമല്ല. പരിപാടിയിൽ എല്ലാവരും തുല്യരാണെന്നും പ്രത്യേക പ്രതിനിധികൾ ആരും ഇല്ലെന്നുമായിരുന്നു ദേവസ്വം ബോർഡും സർക്കാരും നേരെത്തെ പറഞ്ഞിരുന്നത്.
വിഷയത്തിൽ സിപിഎം നേതാവ് അനിൽ കുമാർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭരിക്കാൻ ഏൽപിച്ചവർ ഭരിക്കട്ടെ എന്നും കണക്കുകൾ ഹൈകോടതിയിൽ സമർപ്പിക്കുമെന്നാണ് അനിൽകുമാർ പറയുന്നത്. ശബരിമലയിലെ അയ്യപ്പ സംഗമം ക്ഷേത്ര വികസനം സംബന്ധിച്ച് വളരെ ഗുണകരമായ ഒരു തീം ജനങ്ങളിലേക്ക് എത്തിച്ചെന്നും ഇതിന്റെ മൂല്യം ഇപ്പോൾ കണക്കാക്കാനാവില്ലെന്നും അനിൽ കുമാർ പറഞ്ഞു.