കോഴിക്കോട്: പൗരത്വ ഭദഗതി നിയമ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ ഇനിയും 118 കേസുകൾ. പൗരത്വ ഭദഗതി നിയമ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്‌ത 843 കേസുകളിൽ 7913 പേരെയാണ് പ്രതി ചേർത്തത്. ഇതിൽ 112 കേസുകൾ മാത്രമാണ് പിൻവലിച്ചത്.
ഗുരുതര സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെടുത്തി 118 കേസുകൾ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു സർക്കാർ. ബാക്കി കേസുകളിൽ ശിക്ഷ വിധിച്ചു കഴിഞ്ഞിരുന്നു. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങൾ ഒന്നും തന്നെ പരിധി വിട്ടതായിരുന്നില്ല. 2019ൽ പാസാക്കിയ പൗരത്വ അഭേദഗതി നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. പ്രതിഷേധങ്ങൾക്കെതിരെ 2019 ഡിസംബർ പത്ത് മുതലാണ് കേരളത്തിൽ കേസുകൾ രജിസ്റ്റർ ചെയ്‌ത് തുടങ്ങിയത്.
കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ കക്ഷികളും മുസ്‌ലിം സംഘടനകളും സർക്കാരിനോട് ആവശ്യപെട്ടിരുന്നു. ഗുരുതര സ്വഭാവം ഇല്ലാത്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും 118 കേസുകൾ ഗുരുതര സ്വഭാവമുള്ളതാണെന്ന് കാണിച്ച് കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്‌തത്. മലപ്പുറം എറണാകുളം തിരുവനന്തപുരം ജില്ലകളിലെ കേസുകളാണ് പിൻവലിക്കാതെ കിടക്കുന്നത്