പത്തനംതിട്ട: പത്തനംതിട്ടയിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്‌ച രാവിലെയാണ് കണ്ടെത്തിയത്. പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കിടക്കുന്നത് കണ്ടത്. പമ്പയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് അനിൽകുമാർ ഞായറാഴ്ച്ച വീട്ടിൽ നിന്നും പോയത്.
ആദിവാസി വിഭാഗത്തിൽപെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനായിരുന്നു ഞായറാഴ്‌ച വീട്ടിൽ നിന്നും പോയതെന്ന വിവരമാണ് ലഭിക്കുന്നത്. മൂന്ന് ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.