പാലക്കാട്: പല്ലശ്ശന സ്വദേശി ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ അസോസിയേഷൻ. സംഭവത്തെ തുടർന്ന് രണ്ട് ജൂനിയർ ഡോക്ടർമാരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ച് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പാലക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി നാളെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കരിദിനവും പ്രതിഷേധയോഗവും സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഡോ: പിജി മനോജ്, സെക്രട്ടറി ഡോ. വൈശാഖ് ബാലൻ എന്നിവർ അറിയിച്ചു.
പൾസ് പോളിയോ ഒഴികെ ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും യോഗങ്ങളും പരിശീലനങ്ങളും റിപ്പോർട്ടിങ്ങും ബഹിഷ്‌കരിക്കും. 13 ന് ജില്ലാ ആശുപത്രി ഒപി ബഹിഷ്‌കരിക്കും.14ണ് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്നും നേതാക്കൾ അറിയിച്ചു.
ആശുപത്രിയിൽ മികച്ച ചികിത്സയാണ് കുട്ടിക്ക് നൽകിയത്. നിർഭാഗ്യമാവശാൽ അത്യപൂർവമായി മാത്രം വരുന്ന സങ്കീർണ പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്‌ടർമാരെ സസ്പെൻഡ് ചെയ്‌ത നടപടി ഒരിക്കലും ന്യായീകരിക്കാനാവില്ല. ചികിൽസിച്ച ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്‌ചയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. എന്നിട്ടും ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചത് അനീതിയും ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതുമാണ്. ഡോക്ടർമാരുടെ സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നകിയിട്ടുള്ളതെന്ന് കെജിഎംഒ അറിയിച്ചു.