തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ തുടർച്ചയായ മൂന്നാംദിവസവും സഭ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താൻ ശ്രമിച്ചു. ഇതിന് പിന്നാലെ വാച്ച് ആൻഡ് ഗാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉണ്ടതും തള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നത് വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിൻറെ നിലപാടെന്ന് വിഡി സതീശൻ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ ചോദ്യോത്തര വേളക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് പ്രതിപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യണമെങ്കിൽ നോട്ട്സ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എംബി രാജേഷ് ആവശ്യപെട്ടു.
തുടർന്ന് പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്‌ച സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ നിറഞ്ഞിരിക്കുമ്പോഴാണ് സ്‌പീക്കറുടെ മുഖം മറച്ചു കൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹളത്തിനിടയിൽ പ്രതിപക്ഷത്തെ ‘ചോർ ഹെ ചോർ ഹെ മുഴുവൻ ചോർ ഹെ’ എന്നിങ്ങിനെ മന്ത്രി ശിവൻ കുട്ടി പരിഹസിക്കുകയും ചെയ്‌തു. സഭ തടസ്സപ്പെടുത്തി അതിൽ ആഹ്‌ളാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യർ ചിറ്റിലപ്പള്ളിയും ലെവൽ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മുഹമ്മദ് റിയാസും കുറ്റപ്പെടുത്തി.