റിയാദ്: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം കരസ്ഥമാക്കിയ സൗദി ശാസ്ത്രജ്ഞൻ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഐസിഎഫ് സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടിയാണ് ഐസിഎഫ് ആശംസകൾ അറിയിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസാണ് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചത്. സൗദി ശാസ്ത്രജ്ഞനായ പ്രൊഫ. ഉമർ ബിൻ യൂനുസ് യാഗി, ജാപ്പനീസ് ശാസ്ത്രജ്ഞനായ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് റോബ്‌സൺ എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്.
ശാസ്ത്ര മേഖലയിൽ അറബ് ശാസ്ത്രജ്ഞർ നടത്തുന്ന വിപ്ലകരമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമായാണ് പ്രൊഫസർ ഉമർ യാഗിക്ക് ലഭിച്ച നൊബേൽ പുരസ്‌കാരം ലഭിച്ചതെന്ന് ഐസിഎഫ് അഭിപ്രായപ്പെട്ടു. വരണ്ട പ്രദേശങ്ങളിൽ വായുവിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കാനുള്ള ശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും ഇത് പ്രകാരം റിയാദിൽ മഴ വർഷിപ്പിക്കുകയും ചെയ്തിരുന്നു. മലിനീകരണവസ്തുക്കളിൽ നിന്ന് വെള്ളം ശുദ്ധീകരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും ഹൈഡ്രജൻ സംഭരിക്കാനും കഴിവുള്ള വസ്‌തുക്കളുടെ വികസനത്തിനും പ്രൊഫ. ഉമർ യൂനുസ് യാഗി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഫലസ്‌തീനിൽ നിന്നും പലായനം ചെയ്‌ത കുടുംബത്തിൽ ജോർദാനിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച ഉമർ യാഗി സൗദിയെ കർമ്മ ഭൂമിയായി തെരെഞ്ഞെടുക്കുകയിരുന്നു. പ്രൊഫസർ ഉമർ ബിൻ യൂനുസ് യാഗിക്ക് ലഭിച്ച പുരസ്‌കാരം, പിറന്ന നാട്ടിൽ നിന്നും ആട്ടിയോടിക്കുന്ന ഫലസ്‌തീൻ ജനതക്കുള്ള ഐക്യദാർഢ്യം കൂടിയാണെന്ന് ഐസിഎഫ് വിലയിരുത്തി. രാജ്യത്തിൻറെയും സമൂഹത്തിൻറെയും ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് തുടർന്നും വലിയ സംഭാവനകൾ നൽകാൻ ഉമർ യാഗിക്ക് കഴിയട്ടെയെന്നും ഐസിഎഫ് ആശംസിച്ചു.