കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപമുള്ള കെവി കോംപ്ലക്‌സിൽ ഇന്ന് വൈകീട്ട് അഞ്ചരക്കുണ്ടായ തീപിടുത്തത്തിൽ പത്തിലധികം കടകൾ കത്തിനശിച്ചു. ഫയർ ഫോയ്‌സിൻറെ നേതൃത്വതിൽ തീ അണക്കാനുള്ള തീവ്ര ശ്രമങ്ങൾ തുടരുകയാണ്. തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
വൈകുന്നേരം അഞ്ചരക്ക് തുടങ്ങിയ തീപിടുത്തം ഒരു മണിക്കൂറിലധികം നേരം ആളിപടർന്നിട്ടും പൂർണമായി നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് തീ ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. തുണിക്കടകൾ ഷോപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾകൊള്ളുന്ന കോംപ്ലക്‌സാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്.
ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടായിരിക്കുമോ എന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചിട്ടുണ്ട്. ഫയർ ഫോയ്‌സ് കെട്ടിടം പരിശോധിച്ച് വരികയാണ്.