റിയാദ്: മുനിസിപ്പൽ നിയമലംഘന പിഴകൾ നിയന്ത്രിക്കുന്നതിനുള്ള പുതുക്കിയ എക്സിക്യൂട്ടീവ് നിയമങ്ങൾ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു. നിയമ ലംഘനങ്ങളെ ഗുരുതരവും ഗുരുതരമല്ലാത്തതുമായി തരം തിരിക്കുന്നതാണ് പുതിയ പരിഷ്ക്കാരം. സാമ്പത്തിക പിഴകൾ, സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടൽ, ലൈസൻസ് റദ്ദാക്കൽ എന്നിവയുൾപ്പെടെ ഓരോന്നിനും ഉചിതമായ പിഴകളായിരിക്കും ഈടാക്കുകയെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. തെറ്റുകൾ ആവർത്തിച്ചാൽ പിഴകളുടെ തോത് വർദ്ധിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് 2 ദശലക്ഷം റിയാൽ വരെയും മറ്റ് ലംഘനങ്ങൾക്ക് 1 ദശലക്ഷം റിയാൽ വരെയും പിഴകൾ ഈടാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലംഘനത്തിന്റെ തരം, മുനിസിപ്പാലിറ്റിയുടെ വർഗ്ഗീകരണം, തെറ്റ് ചെയ്യാനുണ്ടായ സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്പിഴകൾ കണക്കാക്കുന്നത്. ചെറിയ ലംഘനങ്ങൾ നടത്തുന്നവർക്ക് പിഴകൾ ചുമത്തുന്നതിന് മുമ്പ് സ്റ്റാറ്റസ് ശരിയാക്കാൻ ഒരു ഗ്രേസ് പിരീഡ് നൽകും.
മുനിസിപ്പൽ പിഴകൾ പ്രയോഗിക്കുന്നതിനുള്ള ഒരു ഏകീകൃത നിയന്ത്രണ സംവിധാനമാണ് നിലവിൽ വന്നത്. നിരന്തരമായ നിരീക്ഷണങ്ങളും വിലയിരുത്തലുകളും പിഴ നിയന്ത്രിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള പ്രോസസ്സിംഗ്, കൃത്യമായ ഡോക്യുമെന്റേഷൻ, സുതാര്യമായ കൈകാര്യം ചെയ്യൽ എന്നിവ ഉറപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സാധിക്കുന്നു. നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പുതുക്കിയ നിയമങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതായി മന്ത്രാലയം പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളോ ഉപകരണങ്ങളോ പിടിച്ചെടുത്ത് പൊതു ലേലത്തിലൂടെ വിൽക്കാൻ മുനിസിപ്പാലിറ്റികൾക്ക് പുതിയ നിയമം അധികാരം നൽകുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഗുരുതരമായ ലംഘനങ്ങൾ നടത്തിയ ഉപഭാക്താക്കൾ നിയമങ്ങൾക്കനുസൃതമായി അത് തിരുത്താതിരുന്നാൽ ഉപഭോക്താക്കളുടെ വൈദ്യുതി സേവനം വിച്ഛേദിക്കാനും നിയമങ്ങൾ മുനിസിപ്പാലിറ്റികൾക്ക് അധികാരം നൽകുന്നു.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മുനിസിപ്പൽ മേഖലയിലെ മേൽനോട്ട സംവിധാനം വികസിപ്പിക്കുന്നതിനും അതുവഴി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ജീവിത നിലവാരം ഉയർത്തുന്നതിനും, പൊതു സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് എക്സിക്യൂട്ടീവ് നിയമങ്ങൾ നടപ്പിലാക്കുന്നത്.