19 C
Saudi Arabia
Saturday, March 28, 2026
spot_img

ദമ്മാം ഒ ഐ സി സി “അമൃതം 2025 & മികവ് 2025” അവാർഡുകൾ വിതരണം ചെയ്തു

ദമ്മാം: ഓ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവിശ്യയിൽ ആതുരസേവന രംഗത്ത് ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന അമൃതം 2025, ഈ വർഷത്തെ പി.എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് മികവ് 2025 എന്നീ പരിപാടികൾ സംയുക്തമായി സംഘടിപ്പിച്ചു.മുതിർന്ന കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിമായി ദമ്മാം കോർണിഷിലെ ഹെറിറ്റേജ് വില്ലേജിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ഒ ഐ സി സി പ്രവർത്തകരുൾപ്പടെയുള്ളവർ പങ്കെടുത്തു.

പരിപാടിയോട് അനുബന്ധിച്ച് നടന്ന സാസ്‌കാരിക സമ്മേളനം പ്രോവിൻസ് കമ്മിറ്റി പ്രസിഡൻറ് ഇ.കെ സലീമിൻറെ അദ്ധ്യക്ഷതയിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിൻറെ ഓർമ്മ മനസ്സിന് എന്നും തീരാനൊമ്പരമാണ്. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു പി എം നജീബ്, ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ തന്നോട് സ്നേഹവും അടുപ്പവും കാണിച്ചിരുന്നു. ആതുരസേവന രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന അമൃതം, കിഴക്കൻ പ്രവിശ്യാ ഒ ഐ സി സി യുടെ സംഘടനാ പ്രവർത്തനത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും ആനുകാലിക സാമൂഹിക, രാഷ്‌ട്രീയ വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ചാമക്കാല ജ്യോതികുമാർ കുട്ടികളെ ഉദ്ബോധിപ്പിച്ചു.ആരോഗ്യ പ്രവർത്തകരാണ് ഒരു നാട്ടിലെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ നട്ടെല്ല്. സ്വന്തം കുഞ്ഞുങ്ങളെ നാട്ടിലും, ഇവിടെ ഡേ കെയർ സെന്ററുകളിലും ഒക്കെ ആക്കിയാണ് രാവെന്നോ പകലെന്നോ ഇല്ലാതെ അവർ ഈ പ്രവാസ ലോകത്തു ജോലി ചെയ്യുന്നത്. ശമ്പളത്തിലുപരി സ്വയം സമർപ്പണ സേവനം ചെയുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് നമ്മുടെ സംഘടനാ ഉത്തരവാദിത്തമാണ്.

സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സമസ്ത മേഖലയിലും പരാജയമായ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അധികാരത്തിൽ നിന്നും പൊതുജനം ആട്ടിയിയിറക്കുന്നതിനു മുൻപുള്ള വൻ കൊള്ളയാണ് ഇന്ന് ഭരണതലത്തിൽ നടക്കുന്നത്. പിണറായി വിജയനെ സന്തോഷിപ്പിക്കാനുള്ള വ്യക്തിപൂ‌ജ മാത്രമാണ് സി പി എമ്മിന്റെയും സർക്കാരിന്റെയും പ്രവർത്തനം. സംസ്ഥാനസർക്കാരിന്റെ മോശം ഭരണം മൂലം കേരളം സാമ്പത്തികമായി തകർന്നു. കടമെടുത്തത് തിരിച്ചടയ്ക്കാൻ വരുമാനമില്ലാത്ത സർക്കാരാണ് ഇന്ന് നാട് ഭരിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആയ പിണറായി വിജയൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു .

സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും രാജി വെക്കണം. 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പമാണ്. എന്നാല്‍ ദേവസ്വം മഹസറില്‍ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളില്‍ രണ്ടു സൈഡ് പാളികള്‍ കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേല്‍പ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വര്‍ണമാണ് യു ബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേല്‍പ്പിച്ച സ്വര്‍ണ പാളികളില്‍ എത്ര സ്വര്‍ണം ഉണ്ടെന്നത് പരിശോധന നടത്തേണ്ടതുണ്ട്.

ദ്വാരപാലക ശില്‍പ്പം തിരിച്ചു കൊണ്ടു വന്നപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ് . ഏകദേശം 40 ദിവസത്തിന് ശേഷമാണ് ഈ ശില്‍പ്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ സ്വര്‍ണത്തില്‍ കുറവുണ്ടായ കാര്യം തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സർക്കാർ തലത്തിലും പാർട്ടി തലത്തിലുമുള്ള തന്നെ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സി പി എം വളരെ ഗുരുതരമായ കളവാണ് ശബരിമലയില്‍ നടത്തിയത് .

വളരെ അടുക്കും ചിട്ടയോടും ബഹുജന പങ്കാളിത്തത്തോടെ നടത്തിയ പരിപാടി ദമ്മാം ഒ ഐ സി സി യുടെ സംഘടനാ ശക്തി വിളിച്ചോതുന്നതാണ്. ദമ്മാം ഒ ഐ സി സി യുടെ ശക്തമായ പ്രവർത്തനം പ്രവാസ മേഖലയിലെ കോൺഗ്രസ് സംഘടനാ നേതൃത്വങ്ങൾ മാതൃക ആക്കണം.കഴിഞ്ഞ നാലര വർഷക്കാലം പത്തനാപുരത്തുകാരുടെ സുഖത്തിലും ദുഖത്തിലും കൂടെ നിന്നു, അവരിൽ ഒരാളായി ജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആ സന്തോഷത്തിനാണ് ഇന്ന് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറ്റവും മുൻതുക്കം നൽകുന്നത്. ആ നാട്ടിലെ സാധാരണക്കാരുടെ സ്നേഹമാണ് , എതിരാളിയുടെ വ്യക്തിപരമായ മോശം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും മറക്കാൻ ശക്തി നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അമൃതം 2025ൻ്റെ ഔദ്യോഗിക ഉദ്ഘാടനം ദമ്മാം അറൗദ ഹോസ്പിറ്റലിൽ 35 വർഷത്തിലധികം ജോലിചെയ്യുന്ന സലീന ഹബീബയെ ആദരിച്ച്കൊണ്ട് മുഖ്യാതിഥി നിർവഹിച്ചു. “എക്സലൻസ് ഇൻ കമ്മ്യൂണിറ്റി സർവീസ്” ബദ്ർ ഗ്രൂപ്പ് ഉടമ അഹ്‌മദ് പുളിക്കലിനും, “എക്സലൻസ് ഇൻ ലീഡർഷിപ്പ് ലഗസി” അവാർഡ് പ്രമുഖ വ്യവസായി ബദറുദീൻ അബ്‌ദുൽ മജീദിനും ചാമക്കാല ജ്യോതികുമാർ നൽകി.ജയൻ (ഹാംകോ) , മുരളീകൃഷ്ണൽ (റവാദ്) എന്നിവർക്ക് ബിസിനസ് എക്സലൻസ് ആവാർഡും നൽകി. 100 ൽ അധികം വിദ്യാർത്ഥികളെയും, ആരോഗ്യപ്രവർത്തകരെയും പരിപാടിയുടെ ഭാഗമായി ആദരിക്കപ്പെട്ടു.

മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം അഹ്‌മദ് പുളിക്കൽ, ഓ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്‌ദുൽ ഹമീദ്, പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.കെ അബ്‌ദുൽ കരിം, ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ, സെക്രട്ടറി രാധികാ ശ്യാംപ്രകാശ് എന്നിവർ ആംശസകൾ അർപ്പിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

പ്രോവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി ടി ശശി ആലൂർ, ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, ജോൺ കോശി, നാഷണൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് കൂട്ടിലങ്ങാടി, നസീർ തുണ്ടിൽ പ്രോവിൻസ് കമ്മിറ്റി ഭാരവാഹികളായ ഷംസ് കൊല്ലം, നൗഷാദ് തഴവ, വിൽസൻ തടത്തിൽ, ഡോ: സിന്ധു ബിനു, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ,നിഷാദ് കുഞ്ചു, സലിം കീരിക്കാട്, ഉസ്മാൻ കുന്നംകുളം, മനോജ് കെ പി, സലിം കീരിക്കാട്, ബിനു പി ബേബി, യഹിയ കോയ, ജില്ലാ, എരിയ, വനിതാ വേദി നേതാക്കൻമാർ എന്നിവർ നേതൃത്വം നിൽകി.

കെ എം സി സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, ആലികുട്ടി ഒളവട്ടൂർ, സിദ്ധീഖ് പാണ്ടികശ്ശാല, മാലിക് മഖ്ബൂൽ, ഷബീർ ചാത്തമംഗലം ( പ്രവാസി സംസ്കരിക വേദി), സാജിദ് ആറാട്ട്പുഴ (സൗദി മലയാളി സമാജം) അബ്‌ദുൽ സത്താർ (തമിഴ് സംഘം) ഹസൈനാൻ അക്തർ തുടങ്ങി കിഴക്കൻ പ്രവിശ്യയിലെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles