ദമ്മാം: പേരാമ്പ്ര സികെജി കോളേജില്‍ യു ഡി എസ് എഫ് വിജയിച്ചതിലുള്ള സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ച പോലീസ് നടപടിയിൽ ദമ്മാം ഒ ഐ സി സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വടകരയിൽ സി പി എം ബിംബത്തെ മൃഗീയ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് മുതൽ, അദ്ദേഹത്തെ വ്യക്തിപരമായി നേരിടാൻ തുടങ്ങിയത് കേരളം കാണുന്നതാണ്. അതിൻ്റെ തുടർച്ചയായി ഇപ്പോൾ നടന്ന പോലീസ് ആക്രമണം. സി പി എം നിർദേശം അനുസരിച്ചാണ്, ആ പാർട്ടിയുടെ സജീവ പ്രവർത്തകനായ പോലീസുകാരൻ ഷാഫി പറമ്പിലിന്റെ തലയിലും മുഖത്തും ക്രൂരമായി പ്രഹരിച്ചത്. മൂക്കിന് പൊട്ടലുണ്ടായി അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.
എന്നാൽ ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ഷോ മാത്രമാണെന്നും ചില സി പി എം നേതാക്കൾ നടത്തിയ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ ലജ്ജാകരമാണ്. സമൂഹമാധ്യമങ്ങളിലും ആസൂത്രിതമായി ഷാഫി നടത്തുന്നത് നാടകമാണെന്നും മറ്റുമുളള ആക്ഷേപങ്ങളും അവർ ഉയർത്തുകയുണ്ടായി. എന്നാൽ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നിട്ടും മോശമായ അധിക്ഷേപമാണ് കടന്നൽകൂട്ടങ്ങൾ തുടരുന്നത്.
അയ്യപ്പന്റെ സ്വർണ്ണം കൊള്ളയടിച്ചത് ചോദ്യം ചെയ്യപ്പെടുന്നതും, ചർച്ചചെയ്യുന്നതും മറക്കാനാണ് വിജയൻ്റെ തീരുമാനപ്രകാരം പോലീസും പാർട്ടിക്കാരും ഷാഫി പറമ്പിലിനെ ക്രൂരമായി ആക്രമിച്ച് ചോര വീഴ്ത്തിയത്. കേരളത്തിലെ ജനകീയനായ നേതാവിനെ കൊല്ലാൻ ശ്രമിച്ച കൊലയാളി സർക്കാരിന്, ജനാധിപത്യ കേരളം മറുപടി നൽകുമെന്ന് സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻ്റ് ഇ.കെ സലിം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ പത്രകുറിപ്പിലുടെ അറിയിച്ചു.



