റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ സൗദി സന്ദർശനം മാറ്റിവെച്ചു. ഈ മാസം 17 മുതൽ 19 വരെയായിരുന്നു സൗദിയിൽ സന്ദർശനം നടത്താൻ ഉദ്ദേശിച്ചിരുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നറിയിച്ചിരുന്നു. യാത്ര താൽക്കാലികമായി മാറ്റിവെച്ചതാണെന്ന് മലയാളം സൗദി മിഷൻ ചാപ്റ്റർ ഭാരവാഹികൾ വ്യക്തമാക്കി. മുഖ്യമന്ത്രിയായതിന് ശേഷമുള്ള പിണറായി വിജയൻറെ ആദ്യ സൗദി സന്ദർശനമായിരുന്നു ഇത്.
മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം’ പരിപാടിയുടെ ഉത്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഉദ്ദേശ്യം. ദമ്മാമിൽ 17നും ജിദ്ദയിൽ 18നും റിയാദിൽ 19നുമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ യാത്ര താൽക്കാലികമായി മാറ്റിവെച്ചെങ്കിലും പരിപാടികൾ മറ്റൊരു ദിവസത്തിൽ നടക്കാൻ ശ്രമിക്കുമെന്ന് മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു. പുതിയ യാത്ര തീയതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിക്കാത്തതാണ് മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെച്ചതെന്നാണ് അറിയുന്നത്. 2023 ഒക്ടോബർ മാസത്തിലും സൗദി പര്യടനത്തിന് മുഖ്യമന്ത്രി ശ്രമിച്ചിരുന്നെങ്കിലും കേന്ദ്രത്തിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനത്തിന് വേണ്ടിയായിരുന്നു അന്ന് യാത്ര പ്ലാൻ ചെയ്‌തിരുന്നത്.



