ദമ്മാം: ഭാരതം ഒരു സ്വതന്ത്ര – മതേതരത്വ – റിപ്പബ്ലിക്കാണ് എന്നതും, ഓരോ പൗരനും തൻ്റെ മതവിശ്വാസം ആചരിക്കാനും – പ്രചരിപ്പിക്കാനും ഉള്ള അവകാശം ഭരണഘടന വകവച്ച് നൽകുന്ന മൗലികാവകാശങ്ങളിൽ പെട്ടതാണ് എന്നതും ആവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടി വരുന്ന സാഹചര്യം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിൽ ദമ്മാം – അൽഖോബാർ ഇസ്ലാഹി സെൻ്റർ യൂത്ത് വിംഗ് ആശങ്ക രേഖപ്പെടുത്തി.
പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയുടെ ഹിജാബ് വിലക്കപ്പെട്ട സംഭവം അപലപനീയം ആണെന്നും, അത് ഒഴിവാക്കാൻ ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ നേർക്ക് സ്കൂൾ മാനേജ്മെൻ്റ് നടത്തുന്ന ധിക്കാരപരമായ പ്രതികരണങ്ങൾ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നും ദമ്മാം ഫൈസലിയയിൽ സംഘടിപ്പിച്ച ‘ഉണർവ് 2.0’ യുവജന സംഗമത്തിൽ യൂത്ത് വിങ്ങ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അഹ്മദ് അസ്ലമിന്റെ ഖുർആൻ പഠനത്തോടുകൂടി ആരംഭിച്ച പ്രോഗ്രാമിൽ അജ്മൽ ഫൗസാൻ അൽ ഹികമി, ഉസാമ ബിൻ ഫൈസൽ മദീനി, അബ്ദുല്ല അൽ ഹികമി, ഡോക്ടർ അബ്ദുൽ കബീർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എൻ വി സാലിം അരീക്കോടിന്റെ നേതൃത്വത്തിൽ നടന്ന പാനൽ ഡിസ്കഷനും, ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഭാരവാഹികളായ ഫൈസൽ ഇമ്പിച്ചിക്കോയ, നൗഷാദ് തൊളിക്കോട്, യൂത്ത് വിംഗ് ഭാരവാഹികളായ മൂസാ ഖാൻ തിരുവനന്തപുരം, അബ്ദുസമദ് കരുനാഗപ്പള്ളി, അൽഖോബാർ യൂത്ത് വിങ് ഭാരവാഹികളായ സാബിത്ത് ഖോബാർ, അൽ അമീൻ പൊന്നാനി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. അസാൻ മംഗലാപുരത്തിന്റെ കൃതജ്ഞതയോട് കൂടി സമാപിച്ച പ്രോഗ്രാം ദമ്മാം, അൽഖോബാർ മേഖലയിലെ യുവജനങ്ങളുടെ വമ്പിച്ച പങ്കാളിത്തത്താൽ ശ്രദ്ധേയമായി



