അബുദാബി: വ്യാജ വാഗ്‌ദാനങ്ങളിൽ അകപ്പെട്ട് മനുഷ്യക്കടത്തിന് ഇരയായ സ്ത്രീകൾക്ക് പുതു ജീവൻ നൽകാൻ യുഎഇയിലെ “അമൻ സെന്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ”. ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന സ്ത്രീകൾക്ക് വൈദ്യ സഹായവും മാനസിക പിന്തുണയും നിയമ സഹായവും തൊഴിൽ പരിശീലനവും നൽകി ജീവിതം തിരിച്ചു പിടിക്കാൻ അമൻ കേന്ദ്രം സഹായിക്കും.
മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് യുഎഇയിൽ എത്തുന്ന നിരവധി സ്ത്രീകൾ വഞ്ചനാപരമായ കരാറുകളിൽ കുടുങ്ങി ചൂഷണത്തിന് ഇരകളാകുന്നതായി അധികൃതർ വ്യക്തമാക്കുന്നു. പോലീസ് പബ്ലിക് പ്രോസിക്യൂഷൻ, അല്ലെങ്കിൽ ദേശീയ ഹോട്ട്ലൈൻ വഴി കേസുകൾ തിരിച്ചറിയുമ്പോൾ ഇരകളെ പരിചരണത്തിനായി അമൻ സെന്ററിലേക്ക് മാറ്റും.
മാസങ്ങളോളം നീണ്ട ചൂഷണത്തിന് ശേഷം കടുത്ത മാനസികാഘാതവും ശാരീരിക പരിക്കുകളുമായി സെന്ററിലെത്തുന്ന ഇരകൾക്ക് ഇവിടെ സമഗ്രമായ ചികിത്സയും കൗൺസിലിംഗും നൈപുണ്യവും പരിശീലനം നൽകുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയവർക്ക് യുഎഇയിലോ നാട്ടിലോ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വിക്‌ടിം സപ്പോർട്ട് ഫണ്ടിന്റെ സഹായത്തോടെ സംഹായിക്കും. ബ്യുട്ടി സലൂണുകൾ, തയ്യൽ കടകൾ പലചരക്ക് കടകൾ എന്നിവയുൾപ്പടെ നാട്ടിൽ വിജയകരമായി സംരംഭങ്ങൾ പൂർത്തിയാക്കിയ നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങൾ അമൻ ഡയറക്ടർ പങ്കുവെച്ചു.
മനുഷ്യ കടത്തുകൾക്ക് പുറമെ, കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ, വിദ്യാഭ്യാസം, സാമൂഹിക വെല്ലുവിളികൾ എന്നിവ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കേന്ദ്രം സഹായം നൽകുന്നുണ്ട്. കുടുംബ സംഘർഷം കാരണം പഠനം ഉപേക്ഷിച്ച കൗമാരക്കാർക്ക് കൗൺസിലിംഗിലൂടെയും പങ്കാളിത്തത്തിലൂടെയും വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള പിന്തുണയും സെന്റർ ന ൽകിവരുന്നതായി ഡയറക്ടർ അറിയിച്ചു.



