20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

തീവ്ര ചുഴലിക്കാറ്റ് ‘മോന്ത’ ഇന്ന് ആന്ധ്രാ തീരം തൊടും; കനത്ത ജാഗ്രത, റെഡ് അലർട്ട്

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ചുഴലിക്കാറ്റ് ‘മോന്ത’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെയോ രാത്രിയിലോ ആന്ധ്രാപ്രദേശ് തീരത്തിന്റെ കരയിൽ കാറ്റ് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നു. ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം, മച്ചിലിപട്ടണത്തിനും കാലിംഗപട്ടണത്തിനും ഇടയിലായിരിക്കും മോന്ത കരയിൽ പ്രവേശിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 90-100 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ആന്ധ്രാപ്രദേശിനെ കൂടാതെ തെക്കൻ ഒഡീഷയിലെയും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലെയും തീരദേശ മേഖലകളിൽ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെടും. കനത്ത മഴയും ശക്തമായ കാറ്റുമാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി തീരദേശ മേഖലകളിലെ സ്കൂളുകൾക്ക് അവധി നൽകുകയും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്യുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകളെയും സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളെയും ഫയർഫോഴ്സ് യൂണിറ്റുകളെയും മുൻകൂട്ടി വിന്യസിച്ചിട്ടുണ്ട്. എല്ലാ അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാണെന്ന് ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരുകൾ അറിയിച്ചു.

മോശം കാലാവസ്ഥ കാരണം തീരദേശങ്ങളിൽ മത്സ്യബന്ധനം പൂർണ്ണമായി നിരോധിക്കുകയും വിമാന, ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾ അധികൃതരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും സുരക്ഷാ മുൻകരുതലുകൾ എടുക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles