ലക്‌നൗ: ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സൗദി അറേബ്യയിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു. മുസാഫർനഗർ സ്വദേശിയായ അൻസാരി (24) ആണ് തന്റെ താമസസ്ഥലത്ത് വെച്ച് ജീവനൊടുക്കിയത്. ആറുമാസം മുമ്പ് വിവാഹിതനായ ഇയാൾ രണ്ടര മാസം മുമ്പാണ് തൊഴിൽ സംബന്ധമായി സൗദിയിൽ എത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പതിവുപോലെ ഭാര്യ സാനിയയുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും, സംസാരം രൂക്ഷമായതോടെ അൻസാരി വീഡിയോ കോളിനിടെ തന്നെ ഫാനിൽ കെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം ഫോണിലൂടെ കണ്ട ഭാര്യ ഉടൻ സൗദിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



