തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരിൻറെയും മുഖ്യമന്ത്രി പിണറായി വിജയൻറെയും നടപടിയെക്കുറിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരാർ ഒപ്പിട്ടതിനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങളിൽനിന്ന് മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയിൽനിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും സതീശൻ ചോദിച്ചു.
കരാറിൽ ഒപ്പിടുന്നതിനു മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നതെന്നും ഒപ്പിട്ടശേഷം എന്ത് പരിശോധനക്കാണ് ഉപസമിതിയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെ വിദഗ്ദ്ധമായി വഞ്ചിച്ചെന്നും സതീശൻ പരിഹസിച്ചു.
മന്ത്രിസഭാ ഉപസമിതി എന്നത് മുഖം രക്ഷിക്കാനുള്ള ‘തട്ടിക്കൂട്ട് പരിപാടി’ മാത്രമാണെന്നും, ഇടതുമുന്നണിയിൽ സിപിഐയെക്കാൾ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.



