റിയോ ഡി ഷനേറോ: ബ്രസീലിലെ റിയോ ഡി ഷനേറോയിൽ ലഹരിമാഫിയക്കെതിരെ പോലീസും സൈന്യവും സംയുക്തമായി നടത്തിയ റെയ്‌ഡിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. നഗരത്തിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന കൊമാൻഡോ വെർമെലോ എന്ന സംഘത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ വലിയ സൈനിക നടപടി.
റിയോയിലെ പെൻഹ ഉൾപ്പെടെയുള്ള തെരുവുകളിൽ മൃതദേഹങ്ങൾ കണ്ടെത്തി. യുവാക്കളുടെ തലക്ക് വെടിവെച്ചും കത്തികൊണ്ട് കുത്തിയും കെട്ടിയിട്ടും അതിക്രൂരമായാണ് സേനാ നടപടികൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച നടന്ന ഈ റെയ്‌ഡിൽ പോലീസും ഹെലികോപ്റ്ററിലെത്തിയ സൈനികരും ഉൾപ്പെടെ 2500 ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
കൂട്ടക്കൊലയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കോപ് 30 കാലാവസ്ഥാ ഉച്ചകോടിക്കും മറ്റ് ആഗോള പരിപാടികൾക്കും റിയോ ഡി ഷനേറോ വേദിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ സംഭവം.



