ചെന്നൈ: ‘എസ്.ഐ.ആർ’ നടപടിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ച സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ഓഫ് വോട്ടർ റോൾസ് എന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു. . തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ഈ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാനുള്ള ഗൂഢാലോചനയാണ് എന്നും യോഗം പ്രമേയം വഴി ആരോപിച്ചു.
വോട്ടർ പട്ടികയിൽ നിന്ന് ഗണ്യമായ എണ്ണം വോട്ടർമാരെ നീക്കം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് നിലവിലെ നടപടിയെന്ന് യോഗം കുറ്റപ്പെടുത്തി. ഈ നീക്കം, ഭരണഘടനാപരമായി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരെഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നു.
ബീഹാർ എസ്‌ഐആർ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, തമിഴ്‌നാട്ടിൽ ഈ നടപടിയുമായി മുന്നോട്ട് പോകാനുള്ള തെരെഞ്ഞെടുപ്പ് കമ്മീഷൻറെ തീരുമാനം അസ്വീകാര്യമാണെന്നും ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും സർവകക്ഷിയോഗം വിലയിരുത്തി. അതിനാൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സുതാര്യമായും ആവശ്യത്തിന് സമയം നൽകിയും എസ്‌ഐആർ നടത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും അതുവരെ നിലവിലെ നടപടി നിർത്തിവെക്ക ണമെന്നും യോഗം ആവശ്യപ്പെട്ടു.



