ജയ്‌പൂർ: രാജസ്ഥാനിലെ ഫലോഡി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 തീർത്ഥാടകർ മരിച്ചു. നിർത്തിയിട്ടിരുന്ന ട്രെയിലറിൽ തീർത്ഥാടകർ സഞ്ചരിച്ച ടെംപോ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ജയ്‌പൂൽ നിന്ന് 400 കിലോമീറ്റർ അകലെ ഫലോഡി ജില്ലയിലെ മതോഡ ഗ്രാമത്തിന് സമീപമുള്ള ഭാരത് മാല ഹൈവേയിലാണ് ദുരന്തം സംഭവിച്ചത്.
ജോധ്പൂരിലെ സൂർസാഗർ സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ബിക്കാനീറിലെ കോലായത്ത് ക്ഷേത്രത്തിലെ കപിൽ മുനി ആശ്രമം സന്ദർശിച്ച് മടങ്ങുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയുംചെയ്‌തു.
ദുരന്തത്തിൽ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ദുഃഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായവും പരിക്കേറ്റവർക്ക് ചികിത്സയും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തു. കൂടാതെ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചു.



