വാഷിംഗ്‌ടൺ: യുനൈറ്റഡ് പാഴ്‌സൽ സർവിസിൻ്റെ (യു.പി.എസ്) കാർഗോ വിമാനം അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്ത് തകർന്നു വീണ് മൂന്ന് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലൂയിസ്വില്ലയിലെ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് മക്‌ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനം അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം വൈകീട്ട് 5.15-നായിരുന്നു സംഭവം.
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ഇടതുഭാഗത്തെ എഞ്ചിനിൽ തീ പടരുകയും നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്ന് അഗ്നിഗോളമായി മാറുകയുംചെയ്‌തു. വിമാനത്താവളത്തിന് സമീപത്തെ വ്യാവസായിക മേഖലയിലേക്കാണ് വിമാനം തകർന്നു വീണത്. വിമാനത്തിൽ മൂന്ന് ജീവനക്കാർ മാത്രമാണുണ്ടായിരുന്നത് എന്നും അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നും കെന്റക്കി ഗവർണർ അറിയിച്ചു. വിമാനം തകർന്നുവീണതിനെത്തുടർന്ന് നിരവധി കെട്ടിടങ്ങളിലേക്ക് തീ പടരുകയും, ലൂയിസ്വില്ല മെട്രോ എമർജൻസി സർവിസസ് സമീപപ്രദേശങ്ങളിൽ ‘ഷെൽട്ടർ-ഇൻ-പ്ലേസ്’ ഉത്തരവ് നൽകുകയും ചെയ്‌തിട്ടുണ്ട്.



