15 C
Saudi Arabia
Wednesday, February 4, 2026
spot_img

ക്രിസ്‌തുമതം സ്വീകരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാതെ ഹിന്ദുത്വ സംഘടനകൾ

റായ്‌പൂർ : ക്രിസ്‌തുമതം സ്വീകരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ അനുവദിക്കാതെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢിലാണ് സംഭവം. ഹിന്ദുത്വ സംഘടനാ പ്രവർത്തകരും ഒരു വിഭാഗം ഗ്രാമീണരും തടസ്സമുണ്ടാക്കിയത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. ജെവാർട്ടാല ഗ്രാമത്തിലെ രമൺ സാഹു, കൊദേക്രൂസ് ഗ്രാമത്തിലെ മനീഷ് യാദവ് എന്നിവരുടെ മൃതദേഹങ്ങളോടാണ് ഈ അനാദരവ് കാണിച്ചത്.

മനീഷ് യാദവിൻ്റെ മൃതദേഹം സ്വന്തം സ്ഥലത്ത് സംസ്‌കരിക്കാൻ ശ്രമിച്ചപ്പോൾ, പരമ്പരാഗത വിശ്വാസം ഉപേക്ഷിച്ചവരെ ഗ്രാമത്തിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഗ്രാമീണർ തടഞ്ഞു. പോലീസ് ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ക്രിസ്ത്യൻ സംഘടനകൾ മാർച്ച് നടത്തിയതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രമൺ സാഹുവിൻ്റെ മൃതദേഹം ഗ്രാമത്തിൽ പ്രവേശിക്കുന്നതും തടഞ്ഞു.

മരിച്ചയാൾ ക്രിസ്‌തുമതം സ്വീകരിച്ചു കാരണത്താലാണ് ശ്മശാന സ്ഥലം നിഷേധിക്കാൻ ഗ്രാമവാസികൾ ഉന്നയിച്ചതെന്ന് പോലീസ് പറഞ്ഞു.തങ്ങളുടെ ജന്മനാട്ടിൽ അന്തസ്സോടെ സംസ്‌കരിക്കാനുള്ള ഭരണഘടനാപരമായ അവകാശം പോലും ക്രിസ്ത്യാനികൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് ഛത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ പ്രതികരിച്ചു. ചിലരുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ജനക്കൂട്ടത്തിന് മുന്നിൽ അധികാരികൾ നിസ്സഹായരാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വലിയ സംഘർഷത്തിനൊടുവിൽ രമൺ സാഹുവിൻ്റെ മൃതദേഹം ഗ്രാമത്തിൽ നിന്ന് അകലെയുള്ള ഒരു പൊതു ശ്മശാനത്തിലാണ് സംസ്‌കരിക്കേണ്ടിവന്നതെന്ന് പോലീസ് മേധാവി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles