ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഗുരു തേജ് ബഹാദൂർ (ജി.ടി.ബി.) സർക്കാർ ആശുപത്രിയിൽ ബുർഖ ധരിച്ചെത്തിയ മുസ്‌ലിം യുവതിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ഡൽഹി സ്വദേശിനിയായ തബസ്സും ആണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പ്രസവിച്ചു കിടക്കുന്ന സഹോദര ഭാര്യയെ കാണാൻ ആശുപത്രിയിലെത്തിയ തബസ്സുമിനെ, ഗേറ്റ് പാസ് ഉണ്ടായിരുന്നിട്ടും വനിതാ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.
“ഇത് ധരിച്ച് നിങ്ങൾക്ക് അകത്തേക്ക് പോകാൻ കഴിയില്ല. ആശുപത്രിയിൽ ബുർഖ അനുവദനീയമല്ല. വനിതാ വാർഡിൽ പോലും പോകാൻ കഴിയില്ല,” എന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞതായി തബസ്സും ആരോപിച്ചു. നിയമപരമായ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അവർ നൽകാൻ തയ്യാറായില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ രാജ്യത്ത് സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റ് പ്രൊഫ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു. ആദ്യം സ്കൂളുകളിലും കോളേജുകളിലും തുടങ്ങിയ ഈ പ്രവണത ഇപ്പോൾ ആശുപത്രികളിൽ പോലും എത്തിനിൽക്കുന്നത് ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും അരക്ഷിതാവസ്ഥയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.



