കൊച്ചി: ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ അനധികൃതമായി കടത്തിക്കൊണ്ടുവന്ന കേസിൽ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടപടി തുടങ്ങി. കേസിൽ നടൻ അമിത് ചക്കാലക്കലിന് ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് അയച്ചു.
നടൻ ദുൽഖർ സൽമാനും ഉടൻ നോട്ടീസ് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെമ (FEMA) നിയമം ഉൾപ്പെടെ ചുമത്തിയാണ് ഇരുവരുടേയും വീടുകളടക്കം 17 ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തി വാഹനങ്ങളുടെ രേഖകൾ പിടിച്ചെടുത്തത്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.
ദുൽഖറിൻ്റെ നാലും അമിത് ചക്കാലക്കലിൻ്റെ ആറും വാഹനങ്ങളുമായി ബന്ധപ്പെട്ടാണ് ഇ.ഡി. സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചെന്നാണ് പ്രധാന സംശയം. നേരത്തെ കസ്റ്റംസ് ഇരുവരേയും ചോദ്യം ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് കേസിൽ ഇ.ഡി.യുടെ ഇടപെടൽ.



