തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പി.എം.ശ്രീ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിൻ്റെ ഈ നിർണായക നീക്കം.
പദ്ധതിയിൽ ചേരാൻ സംസ്ഥാനം നേരത്തെ കേന്ദ്രത്തിന് രേഖാമൂലം അനുമതി നൽകിയിരുന്നു. ഇത് ദേശീയ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കാൻ തയ്യാറാണെന്നതിൻ്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുകയും സി.പി.എം-സി.പി.ഐ പാർട്ടികൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കുകയും ചെയ്‌തിരുന്നു.
ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രം തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ നിലപാടെടുത്ത സർക്കാരിൻ്റെ പിന്മാറ്റം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കാനും കേന്ദ്രത്തിന് കത്തയക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ നേരിട്ട് കണ്ടപ്പോഴും പദ്ധതി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വാക്കാൽ അറിയിച്ചിരുന്നു.



