തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുതിയ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിരിക്കും പുതിയ സർവീസുകൾ
തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസുകൾ ആഴ്ചയിൽ നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. പുതിയ സർവീസുകൾ ഉടൻ ആരംഭിക്കും.
ഇൻഡിഗോ എയർലൈൻസ് കഴിഞ്ഞ മാസം മാലിദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. നിലവിൽ ഇൻഡിഗോയ്ക്ക് പുറമെ മാൽഡീവിയൻ എയർലൈൻസും തിരുവനന്തപുരം-മാലെ, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് കഴിഞ്ഞ മാസം തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് ആഭ്യന്തര സർവീസ് തുടങ്ങി. ഇത് യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു. പുതിയ സർവീസുകളുടെ വർധനവ് വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ഉണർവാണ് നൽകുന്നത്.



