അബൂദബി: നാലു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ്. മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളുടെ സത്ത അംഗീകരിച്ചതായി ഉക്രൈൻ വൃത്തങ്ങൾ അറിയിച്ചു. യുക്രൈൻ സമാധാന കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണെന്നും, ചില ചെറിയ കാര്യങ്ങളിൽ മാത്രമാണ് ഇനി ആശയക്കുഴപ്പം ബാക്കിയുള്ളതെന്നും യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള യു.എസ്. സംഘവും റഷ്യൻ പ്രതിനിധികളും തമ്മിൽ അബൂദബി കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകളിലാണ് ഈ സുപ്രധാന പുരോഗതിയുണ്ടായത്. കരാറിന് അന്തിമരൂപം നൽകുന്നതിനായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌ക്കി ഈയാഴ്ച തന്നെ യു.എസ്. സന്ദർശിക്കാൻ സാധ്യതയുണ്ട്.
അതേസമയം, റഷ്യ ഈ ധാരണകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിർദ്ദേശങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വന്നാൽ സമാധാന പദ്ധതി നിരസിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തലസ്ഥാനമായ കീവിൽ റഷ്യൻ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.



