തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ 20 വയസ്സുള്ള ഗർഭിണി അർച്ചന ഭർതൃവീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് രംഗത്ത്. മകൾക്ക് ഭർത്താവ് ഷാരോൺ ക്രൂരമായ പീഡനം നൽകിയിരുന്നെന്നും, ഇത് കൊലപാതകമാണെന്നും അർച്ചനയുടെ അച്ഛൻ ഹരിദാസ് ആരോപിച്ചു.
സംശയരോഗിയായ ഷാരോൺ കഴിഞ്ഞ ആറുമാസമായി അർച്ചനയെ ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല. വീടിന് സമീപത്തെ കനാലിലാണ് പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്നും പഞ്ചായത്തംഗം വെളിപ്പെടുത്തി. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



