കൊച്ചി: കേരളത്തിലെ സാഹസിക വിനോദസഞ്ചാരമേഖലയിലെ സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച അവ്യക്തത രൂക്ഷമെന്ന് വിദഗ്ധനും ഗ്ലോബൽ ലാൻഡ് ഇനിഷ്യേറ്റീവിന്റെ ഏകോപന ഓഫീസിന്റെ ഡയറക്ടറും ദുരന്തലഘൂകരണ വിഭാഗം മുൻ മേധാവിയുമായ മുരളി തുമ്മാരുകുടി.
ഒരു അപകടമോ അപകട സാഹചര്യമോ ഉണ്ടാകുമ്പോൾ ഉടൻതന്നെ സ്ഥാപനം അടച്ചുപൂട്ടുന്ന രീതി ഒരു ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ’ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ നിരീക്ഷിച്ചു. ആനച്ചാലിലെ ‘സ്കൈസൈനർ’ എന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി അടച്ചുപൂട്ടിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്” എന്ന അധികൃതരുടെ വിശദീകരണം ചോദ്യം ചെയ്ത തുമ്മാരുകുടി, ഏത് മാനദണ്ഡമാണ് പാലിക്കാതിരുന്നതെന്നോ ആരാണ് ഈ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതെന്നതിനോ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി. സ്കൈസൈനറിന് പ്രവർത്തനാനുമതി നൽകിയത് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണെങ്കിലും, ഇത്തരം സാഹസിക കേന്ദ്രങ്ങൾക്ക് ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണം എന്നതിൽ ടൂറിസം വകുപ്പിന് കൃത്യമായ മാർഗനിർദേശങ്ങളില്ലാത്തതാണ് അടിസ്ഥാന പ്രശ്നമായി അദ്ദേഹം ഉയർത്തിക്കാണിക്കുന്നത്.
സുരക്ഷാ പരിശോധനകളോ മാനദണ്ഡങ്ങളോ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുകയും, അപകടം ഉണ്ടാകുമ്പോൾ സംരംഭകനെതിരെ കേസ് എടുക്കുകയും അടച്ചുപൂട്ടുകയും ചെയ്യുന്നത് ശരിയായ രീതിയിലുള്ള സുരക്ഷാ കൈകാര്യം ചെയ്യലല്ലെന്ന് അദ്ദേഹം വിമർശിച്ചു.
സ്കൈസൈനറിൽ അപകടം ഉണ്ടായ ദിവസം , ഒരാൾക്ക് പോലും അപകടമില്ലാതെ എല്ലാവരെയും താഴെ എത്തിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂസർവീസിന് അഭിനന്ദനങ്ങൾ അറിയിച്ചും അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. നമ്മുടെ “ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഒരു സംഭവം തന്നെ” എന്ന തലകെട്ടിൽ അന്ന് എഴുതിയ കുറിപ്പിൽ ടൂറിസം മന്ത്രിക്കും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ ഉടനെ തന്നെ സാഹസിക ടൂറിസം നിരോധിക്കാനുള്ള സാധ്യത കൂടുതൽ ആണെന്നും അത് മാറണമെന്നും അദ്ദേഹം അന്ന് തന്നെ സൂചിപ്പിച്ചിരുന്നു.
വാഹനമോടിക്കുന്നതിനും മാൻഹോളിൽ ഇറങ്ങുന്നതിനും ഗ്ലാസ് ബ്രിഡ്ജിനും സ്കൈ ഡൈവിങ്ങിനും അടക്കം എല്ലാ വിഷയങ്ങൾക്കും കൃത്യമായ നിയമം വേണമെന്നും നിയമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട വകുപ്പ് ഉണ്ടാകണമെന്ന് ആവശ്യപെട്ട തുമ്മാരുകുടി “നിരോധനം എളുപ്പവഴിയിൽ ക്രിയ ചെയ്യലാണ്” എന്ന് പറഞ്ഞുകൊണ്ടാണ് തൻ്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന രീതിക്ക് പകരം, കൃത്യമായ നിയമങ്ങളിലൂടെയും പരിശോധനകളിലൂടെയും സാഹസിക വിനോദസഞ്ചാര മേഖലയെ നിയന്ത്രിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം.
മുരളി തുമ്മാരുകുടിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള പോസ്റ്റ് വായിക്കാം.https://www.facebook.com/share/p/1BE3GxPQL5/



