27.8 C
Saudi Arabia
Monday, February 23, 2026
spot_img

ചായക്കടയിലെ സൗഹ്യദം , ദമ്മാം കൾച്ചറൽ കണക്ട് “സൗഹൃദ സന്ധ്യ” സംഘടിപ്പിച്ചു.

ദമ്മാം: ചായക്കട സൗഹൃദത്തിന്റെ പ്രവാസ മാതൃക നിർമിച്ച ദമ്മാം കൾച്ചറൽ കണക്ട് (ഡി സി സി ) സംഘടിപ്പിച്ച സൗഹൃദ സന്ധ്യ വേറിട്ട അനുഭൂതിയായി. കലയുടെയും വിനോദത്തിന്റെയും സൗഹൃദ കാഴ്ച്ചകൾ ഒരുക്കിയ വേദി സംഗീതത്തിന്റെയും നൃത്തത്തിന്റെയും സാംസ്കാരിക സായാഹ്നമായി മാറി.
തുടക്കം മുതൽ അവസാന നിമിഷം വരെ സജീവമായി നിലനിന്ന സൗഹൃദ സന്ധ്യയിൽ ദമ്മാമിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് എത്തിയവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

ഒരു വർഷം മുമ്പ്, ദമ്മാം ലുലു മാളിലെ ‘ഡ്രീം ചായ’ക്കടയില്‍ രൂപപ്പെട്ട മലയാളികളുടെ കൂട്ടായ്‌മയാണ് ദമ്മാം കൾച്ചറൽ കണക്ട്. വൈകുന്നേരങ്ങളിലും ഒഴിവു ദിനങ്ങളിലും നാട്ടിലെ വിശേഷങ്ങൾ പറഞ്ഞും തമാശകൾ കൈമാറിയും  ഇവിടെ ഒത്തുകൂടിയ ഏതാനും യുവാക്കളുടെ സൗഹ്യദമാണ് സാംസ്കാരിക കൂട്ടായ്‌മയായി രൂപപ്പെട്ടത്.

കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിപരമായ ചിന്തകള്‍ ഉണര്‍ത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന രൂപീകരണ സമയത്തെ ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് സൗഹൃദ സന്ധ്യ. റിൻസി രാജനും അംജദ് മലപ്പുറവും നേത്യത്വം നൽകിയ സംഗീത വിഭാഗം ഒരുക്കിയ വിരുന്നായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഗായകരുടെ മികവും അവതരണങ്ങളുടെ വ്യത്യസ്തതയും സദസ്സിന് ആവേശകരമായ ഒരു സംഗീതാനുഭവം നൽകി. കാണികൾക്കു വിസ്മയക്കാഴ്ചയൊരുക്കി ഫിറോസ് ഒറ്റപ്പാലം അവതരിപ്പിച്ച മെന്റലിസം ശ്രദ്ധേയമായി.

ദി കമ്പനിയുടെ കുട്ടികൾ അവതരിപ്പിച്ച ബോളിവുഡ് നൃത്തങ്ങളും റിദയുടെ സോളോ ഡാൻസും ചടുലമായ ചുവടുകളുമായി സദസ്സിനെ മുഴുവൻ ഇളക്കിമറിച്ചു. കുഞ്ചീസ് അവതരിപ്പിച്ച ചെണ്ടയില്ലാത്ത ചെണ്ടമേളം കാണികൾക്ക് വേറിട്ട അനുഭവമായി. മിനി ജോർജ്, റസാന, അനു എന്നിവരുടെ നേത്യത്വത്തിൽ നടന്ന വിനോദ പരിപാടികളും ആസ്വാദനം നിറഞ്ഞതായിരുന്നു. ഫിറോസ് ഒറ്റപ്പാലവും അഡ്വ. ആതിര മനയിലും അവതാരകർ ആയിരുന്നു. അൻഷാദ് അബ്ദുൽ അസീസ്, നബീൽ പറമ്പിൽ, താജു അയ്യാരിൽ എന്നിവരടങ്ങുന്ന കോർകമ്മിറ്റി പരിപാടികൾക്ക് നേത്യത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles